സംസ്ഥാനത്തെ ഭീതിയിലാക്കി വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലുള്ള ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്
ഇവിടെയുള്ള പന്നികള്‍ കൂട്ടത്തോടെ ചത്തത്തോടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ രാത്രിയാണ് ഭോപ്പാലില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചത്. പന്നികളില്‍ നിന്ന് പന്നികളിലേക്ക് പടരുന്ന രോഗമാണിത്. അതിനാല്‍ മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍ പന്നിയെ ഭക്ഷണമാക്കുന്നതിലൂടെ രോഗം മനുഷ്യ ശരീരത്തിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളേയും കൂട്ടത്തോടെ കൊന്നൊടുക്കും.
അതേസമയം, രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വളര്‍ത്തുന്ന പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.റെയില്‍വേ, വ്യോമ മാര്‍ഗം, റോഡ്, വഴി സംസ്ഥാനത്തേക്കോ, സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ കടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്നും നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
കൂടാതെ ഫാമുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതി ഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സയോ വാക്‌സിനോ നിലവിലില്ല.