Home ആരോഗ്യം കോവിഡിന് പ്ലാസ്മ ചികിത്സ ഒഴിവാക്കിയേക്കുമെന്ന് ഐസിഎംആര്‍

കോവിഡിന് പ്ലാസ്മ ചികിത്സ ഒഴിവാക്കിയേക്കുമെന്ന് ഐസിഎംആര്‍

കോവിഡ് ചികില്‍സാ മാര്‍ഗ നിര്‍ദേശങ്ങളില്‍ നിന്ന് കോണ്‍വാലസെന്റ് പ്ലാസ്മ ചികിത്സ ഒഴിവാക്കിയേക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്നാണ് ഐസിഎംആറിന്റെ പഠനത്തില്‍ കണ്ടെത്തിയത്.

കോവിഡ് രോഗമുക്തരായവരില്‍ അഞ്ചു മാസത്തിനുള്ളില്‍ ആന്റിബോഡി ദുര്‍ബലമായാല്‍ വീണ്ടും രോഗം വരാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി. അതിനാല്‍ രോഗമുക്തിക്ക് ശേഷവും മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. വാക്‌സീന്‍ കണ്ടെത്തിയാല്‍ പോലും മുന്‍കരുതലുകള്‍ തുടരണമെന്നാണ് നിര്‍ദേശം.

പ്ലാസ്മ ചികില്‍സ കൊണ്ട് കോവിഡ് രോഗ ബാധ മൂര്‍ച്ഛിക്കുന്നതു തടയാനോ മരണനിരക്കു കുറയ്ക്കാനോ കഴിയുന്നില്ലെന്ന് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് ചികില്‍സയ്ക്കായി പ്ലാസ്മ ചികില്‍സ നടത്തിയിരുന്നു. ലോകത്ത് ഏറ്റവും വലിയ തോതില്‍ പ്ലാസ്മ ചികില്‍സ പരീക്ഷിച്ചത് ഇന്ത്യയില്‍ ഐസിഎംആര്‍ ആണ്.

കോണ്‍വാലസെന്റ് പ്ലാസ്മ ചികിത്സ
കോവിഡ് ബാധിച്ചു രോഗമുക്തി നേടിയവരുടെ രക്തത്തിലെ, വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡി ഉപയോഗിച്ചു ചികിത്സിക്കുന്ന രീതിയാണു കോണ്‍വാലസെന്റ് പ്ലാസ്മ ചികിത്സ. രോഗമുക്തി നേടിയവരുടെ രക്തത്തില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി ബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ആന്റി ബോഡി സംപുഷ്ടമായ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് പോസിറ്റീവുകാരില്‍ കുത്തിവയ്ക്കുന്നതാണ് ചികിത്സാ രീതി.

പ്ലാസ്മയിലുളള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും. ദാനം ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരുടെ കൃത്യമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാകും പ്ലാസ്മ സ്വീകരിക്കുക.