Home വാണിജ്യം ഇനി ഇടപാടുകള്‍ക്ക് ബാങ്കില്‍ പോകണ്ട; പണം വീട്ടിലെത്തിക്കുമെന്ന് എസ്ബിഐ

ഇനി ഇടപാടുകള്‍ക്ക് ബാങ്കില്‍ പോകണ്ട; പണം വീട്ടിലെത്തിക്കുമെന്ന് എസ്ബിഐ

വിവിധ ബാങ്കിംഗ് സേവനങ്ങള്‍ വീട്ടിലെത്തിച്ച് പൊതുമേഖലാ ബാങ്കായ എസ്ബിഐ. പണം കൈമാറുക, ചെക്ക് ബുക്ക് നല്‍കുക, നിക്ഷേപം സ്വീകരിക്കുക തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി മുതല്‍ വീട്ടില്‍ ലഭിക്കും. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യങ്ങള്‍ അറിയിച്ചത്. റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ‘ഡോര്‍ സ്റ്റെപ്പ് ബാങ്കിംഗ്’ റിക്വസ്റ്റ് നല്‍കുന്നതോടെ ഈ സേവനം ലഭ്യമാകുമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

സ്വന്തം അക്കൗണ്ടിലെ സേവനങ്ങള്‍ മാത്രമായിരിക്കും ഇങ്ങനെ ആവശ്യപ്പെടാനാവുക. ചെക്കുകള്‍, ചെക്ക്ബുക്ക് അപേക്ഷകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയായിരിക്കും ഇങ്ങനെ അക്കൗണ്ടുടമയുടെ വീട്ടില്‍ നിന്ന് സ്വീകരിക്കുക. അക്കൗണ്ടുടമകള്‍ക്ക് വിട്ടില്‍ നല്‍കുന്ന സേവനങ്ങള്‍ ഇവയായിരിക്കും. ടേം ഡിപ്പോസിറ്റ് രസീതുകള്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ഡ്രാഫ്റ്റുകള്‍, ഫോം 16 സര്‍ട്ടിഫിക്കറ്റുകള്‍, പണം എന്നിവയും ലഭ്യമാക്കും

ഒരു ദിവസം ഒരു അക്കൗണ്ടുടമയ്ക്ക് ഒരു സേവനം എന്ന നിലയ്ക്കാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരമാവധി പണമിടപാടിന് പരിധിയുണ്ട്. 20,000 രൂപ വരെയാണത്. ചുരുങ്ങിയത് 1,000 രൂപയുടെ ഇടപാടാണെങ്കിലേ സേവനം വീട്ടില്‍ ലഭിക്കൂ. ഇത് നിക്ഷേപത്തിനും പണം നല്‍കുന്നതിനും ബാധകമായിരിക്കും.

അതേസമയം വീട്ടില്‍ സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്ക് നിശ്ചിത ഫീസ് നിശ്ചയിച്ചിട്ടുണ്ട്. പണം നിക്ഷേപിക്കുക, ചെക്ക് സ്വീകരിക്കുക, പണം നല്‍കല്‍, ചെക്ക് ബുക്ക് അപേക്ഷ സ്വീകരിക്കല്‍ എന്നിവയക്ക് ഇടപാടൊന്നിന് 75 രൂപയും ജിഎസ്ടി യുമായിരിക്കും ബാങ്ക് ഈടാക്കുക. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട ഉപദേശം, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ സൗജന്യ സേവനത്തില്‍ പെടും. കറന്റ് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന് 100 രൂപയും ജിഎസ്ടി നല്‍കണം.

1800111103 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് രാവിലെ 9 നും വൈകിട്ട് നാലിനുമിടയില്‍ ഈ സേവനം ആവശ്യപ്പെടാം. ഏത് അക്കൗണ്ടിനാണോ സേവനം വേണ്ടത് അതിന്റെ അവസാനത്തെ നാല് അക്കങ്ങള്‍ ടൈപ് ചെയ്ത് നല്‍കണം. പിന്നീട് വേരിഫിക്കേഷന് ശേഷം ഏത് സമയത്താണ് സേവനം വേണ്ടതെന്നടക്കമുളള കാര്യങ്ങള്‍ നിര്‍ദേശമനുസരിച്ച് നല്‍കുക. അസുഖങ്ങള്‍ മൂലമോ, അപ്രതീക്ഷിതമായ അപകടങ്ങള്‍ മൂലമോ തിരക്കില്‍ പെട്ടോ ബാങ്കില്‍ പോകാന്‍ കഴിയാതായാല്‍ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.