Home വാഹനം കൊല്ലുന്ന സൂപ്പര്‍ ബൈക്കുകളിൽ വേണം വേഗനിയന്ത്രണ സംവിധാനം.

കൊല്ലുന്ന സൂപ്പര്‍ ബൈക്കുകളിൽ വേണം വേഗനിയന്ത്രണ സംവിധാനം.

ലൈസൻസ് എടുത്ത ഉടനെ മകൻ ആവശ്യപ്പെട്ടത് ഒരു ബൈക്കാണ്. വെറും ബൈക്കല്ല. സ്പോർട്സ് ബൈക്ക്. രക്ഷിതാക്കൾ സമ്മതിച്ചില്ല. പിന്നെ അച്ഛനോടും അമ്മയോടും മിണ്ടാതായി. നിരാഹാര സമരമായി. ആത്മഹത്യാ ഭീഷണിയായി. ഒടുവിൽ ആ അച്ഛനും അമ്മയും തോറ്റു. ഒരുപാട് സ്നേഹിക്കുന്ന മകന് വില കൂടിയ ആ ബൈക്ക് വാങ്ങി നൽകി. ഇപ്പോൾ മാസങ്ങൾ പിന്നിട്ടിരിക്കുന്നു. പക്ഷേ ആ മകൻ ഇപ്പോൾ അവരോടൊപ്പമില്ല. ഒരു ബൈക്ക് അപകടത്തിൽ തൽക്ഷണം ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇത് ന്യൂജെന്‍ ബൈക്കുകളുടെ കാലം. പതിനെട്ട് തികയും മുന്നേ യുവാക്കള്‍ ബൈക്കുകളില്‍ പറക്കുന്നു. ലക്ഷങ്ങള്‍ വിലമതിപ്പുള്ള ഇത്തരം ബൈക്കുകളാണ് നിരത്തുകളിൽ കൂടുതൽ. എന്നാല്‍ ജീവനെടുക്കുന്ന കൊലകൊല്ലികളായി ഇത്തരം ബൈക്കുകള്‍ മാറുന്നുവെന്ന കാര്യം ആരും ഗൗനിക്കുന്നില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ ബൈക്കുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായി കാണാനാകും. 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടുന്ന വാഹനം കാല്‍നടക്കാരനെ തട്ടിയാല്‍ മരണ സാധ്യതയുണ്ടെന്നും 50 കിലോമീറ്ററില്‍ കൂടിയാല്‍ മരണം ഉറപ്പാണെന്നും പഠനം തെളിയിക്കുന്നു. സാധാരണനിലയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കുന്ന ആള്‍ സെക്കന്റില്‍ റോഡിലെ 17 മീറ്റര്‍ ദൂരം പിന്നിടും. മൊബൈല്‍ഫോണിലേക്ക് നോക്കാനെടുക്കുന്ന ഒരു സെക്കന്റ് മതി അപകടമുണ്ടാകാനെന്നർത്ഥം. പൊലീസിനോ മോട്ടോര്‍ വാഹന വകുപ്പിനോ നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ല ഇത്തരം അപകടങ്ങള്‍. ബൈക്ക് ഓടിക്കുന്നവരുടെ ജീവന് മാത്രമല്ല, റോഡ് നിയമങ്ങള്‍ പാലിച്ച് മാന്യമായി വാഹനമോടിക്കുന്നവര്‍ക്കും സൂപ്പർ ബൈക്കുകളുടെ അഭ്യാസങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നുണ്ട്. ഇവയില്‍ നിയന്ത്രണം അനിവാര്യമായിരിക്കുന്നു. പഠനങ്ങള്‍ പറയുന്നത് ബൈക്ക് അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ്. നൂറ് സി.സി. ബൈക്കുകള്‍ തന്നെ നമ്മുടെ റോഡുകള്‍ക്ക് ആവശ്യമില്ല എന്നിരിക്കെയാണ് കൂടിയ പവര്‍ ഉള്ള ബൈക്കുകള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാകുന്നത്. 120 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ പോകാവുന്ന 150 സി.സി. മുതലുള്ള ബൈക്കുകള്‍ സുലഭമാകുമ്പോള്‍ കേരളത്തിലെ നിരത്തുകളില്‍ മരണം പെരുകുകയാണ്. ഈ സാഹചര്യത്തിൽ നിയമം ഇടപെടേണ്ടത് അനിവാര്യമാണ്. ബൈക്കുകളിൽ എന്തിനാണിത്ര വേഗം. വേഗനിയന്ത്രണത്തിന് സംവിധാനങ്ങൾ വേണ്ടിയിരിക്കുന്നു. ഇതിന് ബൈക്ക് നിർമ്മാണക്കമ്പനികൾക്ക് നിർദ്ദേശം നൽകണം. അല്ലെങ്കിൽ വലിയ വാഹനങ്ങളിലേത് പോലെ വേഗനിയന്ത്രണ സംവിധാനം വേണം. ഇനിയും നിയമം ഇടപെട്ടില്ലെങ്കിൽ നിരത്തിൽ ഇനിയും യുവാക്കളുടെ ചോരയൊഴുകും.കുടുംബങ്ങളിൽ തീരാക്കണ്ണുനീർ ബാക്കിയാക്കിക്കൊണ്ട്