Home ആരോഗ്യം കോവിഡ് 19 മരുന്ന്; ഇന്ത്യക്കാരിയായ 14കാരിക്ക് അംഗീകാരം

കോവിഡ് 19 മരുന്ന്; ഇന്ത്യക്കാരിയായ 14കാരിക്ക് അംഗീകാരം

കോവിഡ് 19 ചികിത്സാരീതി വികസിപ്പിക്കുന്നതില്‍ ഭാഗമായ അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ 14 കാരിക്ക് 3 എം യങ് സയന്റിസ്റ്റ് അവാര്‍ഡ്. അനിക ചെബോളു എന്ന പെണ്‍കുട്ടിക്കാണ് 25,000 ഡോളര്‍ വരുന്ന സമ്മാനത്തുക ലഭിച്ചത്. ഇതോടൊപ്പം ‘അമേരിക്കയിലെ മികച്ച യുവ ശാസ്ത്രജ്ഞ’ എന്ന പട്ടവും അനികയ്ക്ക് ലഭിച്ചു. സാര്‍സ് കോവ് 2 ന്റെ പ്രോട്ടീന്‍ സ്‌പൈക്കുകളെ കുറിച്ച് പഠിച്ച്, കോവിഡ് 19 നെതിരെയുള്ള ഒരു ആന്റിവൈറല്‍ മരുന്ന് അനിക വികസിപ്പിച്ചു.

യുഎസില്‍ നടന്ന ഒരു മിഡില്‍ സ്‌കൂള്‍ ശാസ്ത്രമത്സരത്തിനായാണ് അനിക ഈ കണ്ടെത്തല്‍ നടത്തിയത്. സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുമായി ചേരുന്ന ഒരു തന്മാത്രയെ സിലിക്കോ മെതഡോളജി ഉപയോഗിച്ച് അനിക കണ്ടെത്തി.

ചെറുപ്പം മുതലേ ശാസ്ത്ര പരീക്ഷണങ്ങളോട് അതിയായ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന അനിക, ടെക്സാസിലെ ഫ്രിസ്‌കോ എന്ന സ്ഥലത്തു നിന്നാണ് വരുന്നത്. 1918 ലെ ഫ്‌ലൂ മഹാമാരിയെക്കുറിച്ച് പഠിച്ച ശേഷം വൈറസുകളെ നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഈ കുട്ടി ആഗ്രഹിച്ചു. ഇന്‍ഫ്‌ലുവന്‍സയെ തടയാനുള്ള മാര്‍ഗം കണ്ടെത്താനാണ് ആദ്യം ആഗ്രഹിച്ചതെങ്കിലും കോവിഡ് 19 മഹാമാരിയുടെ വ്യാപനം കണ്ട് തന്റെ മനസ് മാറി sars-cov 2 നെ ലക്ഷ്യം വയ്ക്കുകയായിരുന്നു. ലോകത്ത് ഇതുവരെ 11,14, 836 പേരുടെ ജീവനാണ് കോവിഡ് 19 കവര്‍ന്നത്.

3 എം ശാസ്ത്രജ്ഞരില്‍ നിന്ന് കൂടുതല്‍ പഠിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അവരുടെ സഹായത്തോടെ, താന്‍ വികസിപ്പിച്ച മരുന്നിന്റെ ഇന്‍വിട്രോ ആന്‍ഡ്, ഇന്‍ വിവോ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടെന്നും അനിക പറയുന്നു.
ഭാവിയില്‍ ഒരു ശാസ്ത്ര ഗവേഷകയും പ്രൊഫസറും ആയിത്തീര്‍ന്നേക്കാവുന്ന അനിക, ഇടവേളകളില്‍ ഭരതനാട്യവും അഭ്യസിക്കുന്നുണ്ട്.