Home വാണിജ്യം ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ആദായ വില്‍പ്പന; ഇളവുകള്‍ അറിയാം

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ആദായ വില്‍പ്പന; ഇളവുകള്‍ അറിയാം

റിപ്പബ്ലിക് ദിനം ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍. ആമസോണും ഫ്‌ലിപ്കാര്‍ട്ടുമെല്ലാം വമ്പിച്ച ഓഫറുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പന്നങ്ങളാണ് ജനുവരി ഇരുപത്താറിനു മുന്‍പേ ഒരുങ്ങുന്നത്. സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെയും സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെയുമാണ് ഇളവുകള്‍ പ്രതീക്ഷിക്കുന്നത്.

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 17 നാണ് തുടങ്ങുന്നത്. റിപ്പബ്ലിക് ഡേ വില്‍പന ജനുവരി 22 വരെ തുടരും. പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16 അര്‍ദ്ധരാത്രി 12 മണി മുതല്‍ ഓഫര്‍ വില്‍പനയിലേക്ക് പ്രവേശനം ലഭിക്കും. ആമസോണ്‍ സെയില്‍ ഡീലുകളും ഒപ്പം മറ്റു ഡീലുകളും ലഭ്യമായിരിക്കും. സ്മാര്‍ട് ഫോണുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി അവശ്യസാധനങ്ങള്‍, വലിയ വീട്ടുപകരണങ്ങള്‍, ടിവികള്‍, ദൈനംദിന അവശ്യസാധനങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ഉല്‍പന്നങ്ങള്‍ക്കെല്ലാം വന്‍ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്.

ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാങ്ക് കിഴിവുകളും നല്‍കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭിക്കാം. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡ്, ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍, ഡെബിറ്റ് ആന്‍ഡ് ക്രെഡിറ്റ് കാര്‍ഡ്‌സ് എന്നിവ ഉപയോഗിച്ച് നോ കോസ്റ്റ് ഇഎംഐ ഇളവുകള്‍ നേടാം.

ബാങ്ക് ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം 16,000 രൂപ വരെ എക്സ്ചേഞ്ച് ഇളവുകളും ലഭിക്കും. ഇംഗ്ലിഷിനു പുറമേ ഹിന്ദി, മറാഠി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ നിന്ന് ഷോപ്പിങ് നടത്താം. ഉപഭോക്താക്കള്‍ക്ക് ഇംഗ്ലിഷിലും ഹിന്ദിലും ഷോപ്പിങ് നടത്താന്‍ അവരുടെ വോയിസ് ഉപയോഗിക്കാം.

ആമസോണ്‍ സെയിലില്‍ ഏറ്റവും കൂടുതല്‍ ഇളവ് പ്രതീക്ഷിക്കുന്നത് മൊബൈല്‍, സ്മാര്‍ട് ടിവി വിഭാഗത്തിലാണ്. വണ്‍പ്ലസ്, ഷഓമി, സാംസങ്, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ ഹാന്‍ഡ്‌സെറ്റുകള്‍ക്കെല്ലാം വന്‍ കിഴിവ് ലഭിക്കുമന്നാണ് കരുതുന്നത്.

സ്മാര്‍ട് ഫോണുകള്‍ക്ക് പുറമെ എച്ച്പി, എല്‍ജി, ലെനോവോ, എംഐ, ജെബിഎല്‍, ബോട്ട്, സോണി, സാംസങ്, അമാസ്ഫിറ്റ്, കാനന്‍, ഫ്യൂജിഫിലിം തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും ഇളവ് നിരക്കില്‍ ലഭിക്കും. ഓണ്‍ലൈന്‍ പ്രോഡക്റ്റുകള്‍ വാങ്ങിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏറ്റവും പ്രധാനം വില തന്നെ. വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വില വിവിധ സൈറ്റുകളില്‍ താരതമ്യപ്പെടുത്തി നോക്കിയിട്ടേ വാങ്ങിക്കാവൂ.

ക്യാഷ് ബാക്ക് വില്‍പനയിലും പറ്റിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ക്യാഷ് ബാക്ക് തരുമ്പോള്‍ സാധനത്തിന്റെ യഥാര്‍ഥവില അറിയാന്‍ ശ്രമിക്കണം. അനുകരണങ്ങളും ഓണ്‍ലൈനില്‍ തന്നെ വില്‍പന തുടങ്ങിയതിനാല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളോടു കൂടിയ സാധനങ്ങള്‍ ആണോ വാങ്ങിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.