Home ആരോഗ്യം ചിക്കൻപോക്സിനെ സൂക്ഷിക്കണം:രോഗം വന്നവരും വരാത്തവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

ചിക്കൻപോക്സിനെ സൂക്ഷിക്കണം:രോഗം വന്നവരും വരാത്തവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

ചിക്കൻ പോക്സ് ഒരു വൈറൽ രോഗമാണ്. വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വായു വഴിയാണ് വൈറസ് പകരുന്നത്.
ചിക്കൻ പോക്സ് ആണെന്ന് സംശയിക്കാനുള്ള ലക്ഷണമെന്താണെന്ന് മിക്കവർക്കും അറിവുണ്ടാവും. ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന തിണർപ്പുകൾ വെള്ളം നിറഞ്ഞപോലെയുള്ള, കുരുക്കളായി മാറുന്നു. അതിനു മുൻപുതന്നെ ക്ഷീണവും വിശപ്പു കുറവും പനിയും ഉണ്ടാവാം.

നെഞ്ചിലും പുറത്തുമൊക്കെയാവും ആദ്യം കുരുക്കൾ കണ്ടു തുടങ്ങുന്നത്. ക്രമേണ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.

ഒരാൾക്ക് ചിക്കൻ പോക്സ് വന്നുകഴിഞ്ഞാൽ രോഗാണുക്കൾ അടുത്തയാളിലെത്താൻ ഏറ്റവും സാധ്യത കുമിളകൾ പൊങ്ങുന്നതിന് ഏതാനും ദിവസംമുൻപും ശേഷവുമാണ്.

സാധാരണഗതിയിൽ ചിക്കൻ പോക്സ് വലിയ ശല്യമുണ്ടാക്കില്ല. കുട്ടികളിൽ പ്രത്യേകിച്ചും. ഒരുതവണ വന്നാൽ പിന്നീട് വരാനുള്ള സാധ്യത ഏതാണ്ട് ഇല്ലെന്നുതന്നെ പറയാം. പക്ഷേ, അപൂർവമായി ന്യൂമോണിയയിലേക്കും എൻകെഫലൈറ്റിസ് അഥവാ തലച്ചോറിനെ ബാധിക്കുന്ന അണുബാധയിലേക്കുമൊക്കെ രോഗം മൂർച്ഛിക്കാനും വളരെ അപൂർവമായി മരണത്തിനും സാധ്യതയുണ്ട്.

ഗർഭാവസ്ഥയിൽ ചിക്കൻ പോക്സ് വന്നാൽ രോഗം ഏത് സമയത്താണോ വരുന്നത് അതനുസരിച്ച് പ്രശ്നങ്ങളുണ്ടാവും. ആദ്യത്തെ ആറ് മാസങ്ങളിലാണ് ചിക്കൻപോക്സ് വരുന്നതെങ്കിൽ അപകടസാധ്യത ഏറെയാണ്. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ തൊട്ട് വിവിധപ്രശ്നങ്ങളിലേക്ക് നയിക്കാം. അതുകൊണ്ട് ഗർഭകാലത്ത് ചിക്കൻപോക്സ് വരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

രോഗലക്ഷണങ്ങളാണ് പ്രധാനമായി രോഗനിർണയത്തിനു സഹായിക്കുന്നത്. ചില അവസരങ്ങളിൽ ഒന്നുരണ്ട് പരിശോധനകൾ വഴി രോഗം സ്ഥിരീകരിക്കാനും കഴിയും. വൈറസിനെ ഒതുക്കാൻ വിവിധ ആന്റിവൈറൽ മരുന്നുകൾ പ്രയോഗിക്കാറുണ്ട്, ഒപ്പമുള്ള ലക്ഷണങ്ങളായ പനിക്കും ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾക്കും അതനുസരിച്ച് മരുന്നുകളും നൽകി ആശ്വാസം നൽകുന്നു. ഈ അസുഖം വന്നാൽ കുളിക്കരുത് എന്ന വിശ്വാസം പ്രചാരത്തിലുണ്ട്.

രോഗി കുളിക്കാതെയിരിക്കുന്നത് ഉള്ള അസ്വസ്ഥതകൾ വർധിപ്പിക്കുമെന്ന് മാത്രമല്ല, കുരുക്കളിൽ അണുബാധയും പഴുപ്പുമുണ്ടാവാനും ചൊറിച്ചിൽ കൂട്ടാനും വ്രണമായാൽ അതിൽ പഴുപ്പുണ്ടാവാനും മാത്രമേ സഹായിക്കൂ.