Home ആരോഗ്യം മലബന്ധം അകറ്റാൻ 3 ‘ഹെർബൽ’ ചായകൾ…

മലബന്ധം അകറ്റാൻ 3 ‘ഹെർബൽ’ ചായകൾ…

ശരിയായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ മലബന്ധം നിസാരം അകറ്റാം. ശരീരത്തിൽ ജലാംശം കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. ധാരാളം വെള്ളം കുടിച്ചാൽ മലബന്ധം തടയാനാകും. കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്.
ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാൻ വെള്ളം സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നതും ദഹനത്തിനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. മലബന്ധം തടയാൻ സഹായിക്കുന്ന 3 തരം ചായ ഏതൊക്കെയാണെന്ന് നോക്കാം.

മസാല ചായ…

മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും മലബന്ധം തടയാൻ സഹായിക്കുന്നു. അത് കൂടാതെ, ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.നിരവധി സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.ഗ്യാസിന് നല്ലൊരു പ്രതിവിധിയാണ് മസാല ചായ.

മസാല ചായ തയ്യാറാക്കുന്ന വിധം…

ചേരുവകള്‍…

ഏലയ്ക്ക 5 എണ്ണം
പട്ട 2 എണ്ണ
ഗ്രാമ്പു 6 എണ്ണം
ഇഞ്ചി 2 ടേബിള്‍സ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ മസാലയ്ക്ക് വേണ്ട ചേരുവകളെടുത്ത് ചൂടാക്കുക. നല്ല മണം വരുന്നതുവരെ വഴറ്റുക.
ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി തണുക്കാന്‍ അനുവദിക്കുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക.
ഇത് അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചുവയ്ക്കാം.

മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക.
ശേഷം ഇഞ്ചിയും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ മസാല ചായ പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. ഇളക്കിയശേഷം ഗ്ലാസില്‍ ഒഴിച്ച് കുടിക്കാം.

ഇഞ്ചി ചായ…

ഇഞ്ചി പൊതുവേ ആരോ​ഗ്യത്തിന് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുക മാത്രമല്ല മലബന്ധത്തിനും നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി ചായ. ആന്റി ഓക്സിഡന്റുകളും, വിറ്റാമിൻ സി, മിനറല്‍സ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും വെറും വയറ്റിൽ ജിഞ്ചർ ടീ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും അ‍സിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.
രക്തയോട്ടം വർധിപ്പിക്കാൻ ഏറെ നല്ലതാണ് ഇഞ്ചി ചായ. മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും ജിഞ്ചര്‍ ടീ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ഡയറ്റ് ചെയ്യുന്നവർ ദിവസവും ഒരു കപ്പ് ഇ‍ഞ്ചി ചായ കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വളരെ നല്ലതാണ് ജിഞ്ചർ ടീ.

​ഗ്രീൻ ടീ…

മലബന്ധത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ്​ ​ഗ്രീൻ ടീ. ​ഗ്രീൻ ടീ വെറുതെ കുടിച്ചാൽ പോരാ. അൽപം ഇഞ്ചി നീര് ചേർത്ത് വേണം ​ഗ്രീൻ ടീ കുടിക്കാൻ. ഗ്രീൻ ടീയിൽ ചെറുനാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. ഗ്രീന്‍ ടീ-ചെറുനാരങ്ങ കോമ്പിനേഷന്‍ കൊളസ്‌ട്രോൾ കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌.
ഗ്രീന്‍ ടീയും ചെറുനാരങ്ങയും തടിയും കൊഴുപ്പും കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്‌. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഒന്നിക്കുമ്പോള്‍ ഗുണം ഇരട്ടിയാകും.