Home ഭക്ഷണം മയൊണൈസ് രണ്ട് മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം….

മയൊണൈസ് രണ്ട് മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം….

ചിലർക്ക് ഒരുപാട് ഇഷ്ടമാണ് മയണൈസിന്റെ രുചി. കുബ്ബൂസിനും ചിക്കൻ ഫ്രൈക്കും എന്തിനധികം ചപ്പാത്തിക്കൊപ്പം വരെ മയണൈസ് ഉപയോഗിക്കുന്നവരുണ്ട്. റെസ്റ്ററന്റ് രുചികളിൽ മാത്രമല്ല വീട്ടിലും മയണൈസ് ഉണ്ടാക്കാം. വെറും രണ്ടു മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് മയണൈസ്. മുട്ടയും വെളുത്തുള്ളിയും വിനാഗിരിയും ഉപയോഗിച്ചാണ് മയണൈസ് ഉണ്ടാക്കുന്നത്. മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചും മുട്ട മുഴുവനായി എടുത്തും മയണൈസ് ഉണ്ടാക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ

മുട്ട- രണ്ടെണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
വിനാഗിരി- ആവശ്യത്തിന്
റിഫൈൻഡ് ഓയിൽ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും മിക്സിയിലെ ജാറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളിയും ചേർക്കുക. ഇനി മിക്സിയിൽ ചമ്മന്തിയും മറ്റും ചതയ്ക്കുന്ന മോഡിലിട്ട് നന്നായൊന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും അൽപം ഉപ്പും ചേർത്ത് വീണ്ടും അടിക്കുക. ശേഷം റിഫൈൻഡ് ഓയിൽ ചേർത്ത് കുറേശ്ശെയായി അടിച്ചെടുക്കുക. കട്ടി കുറവാണെന്നു തോന്നിയാൽ വീണ്ടും എണ്ണ ചേർത്ത് അടിച്ചെടുക്കുക. ആവശ്യമുള്ള കട്ടിയിൽ ആയതിനുശേഷം പാത്രത്തിലേക്ക് മാറ്റുക. മണമുള്ള എണ്ണ ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.