Home അറിവ് വൈറസ് ബാധിച്ച ദിവസം ആര്‍ടിപിസിആര്‍ നടത്തിയിട്ട് കാര്യമില്ല; ഐസിഎംആര്‍

വൈറസ് ബാധിച്ച ദിവസം ആര്‍ടിപിസിആര്‍ നടത്തിയിട്ട് കാര്യമില്ല; ഐസിഎംആര്‍

കോവിഡ് വൈറസ് ബാധിച്ച ദിവസം പരിശോധന നടത്തിയതുകൊണ്ടു ഫലമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) വ്യക്തമാക്കി. ആന്റിജന്‍ പരിശോധനയാണെങ്കില്‍ മൂന്നാം ദിവസം മുതലാണ് വൈറസ് ബാധ അറിയാന്‍ കഴിയുക. 8-ാം ദിവസം വരെ മാത്രമേ പോസിറ്റീവായി കാണിക്കൂ. എന്നാല്‍, ആര്‍ടിപിസിആര്‍ പരിശോധനയില്‍ രണ്ടാം ദിവസം മുതല്‍ വൈറസ് ബാധ അറിയാന്‍ കഴിഞ്ഞേക്കും.

ആന്റിജനില്‍ നിന്നു വ്യത്യസ്തമായി ഇതില്‍ 20 ദിവസം വരെ പോസിറ്റീവായി കാണിക്കാനുള്ള സാധ്യതയുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു. അപകടകാരിയാകില്ലെങ്കിലും വൈറസിലെ ചില ആര്‍എന്‍എ ഭാഗം തുടര്‍ന്നും സാംപിളില്‍ കാണിക്കുന്നതു കൊണ്ടാണിത്. ഒമിക്രോണിന്റെ കാര്യത്തില്‍ 7 ദിവസം മതി. ഹോം ഐസലേഷന്‍ അവസാനിപ്പിക്കാനും ഡിസ്ചാര്‍ജിനുമുള്ള സമയപരിധി 7 ദിവസമായി നിശ്ചയിച്ചതിനു കാരണം അതാണെന്നും വിശദീകരിച്ചു.

നാല് തരം കോവിഡ് പരിശോധനയാണ് നിലവിലുള്ളത്. ഇതില്‍ മോളിക്യുലാര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 400 മുതല്‍ 500 രൂപ വരെയാണ് ഈടാക്കാവുന്നത്. പരിശോധനാ ഫലം ലഭിക്കാന്‍ 4-6 മണിക്കൂര്‍ എടുക്കും. ദ്രുത ഗതിയില്‍ (2 മണിക്കൂറില്‍ താഴെ സമയം കൊണ്ട്) ഫലം അറിയാന്‍ കഴിയുന്ന സിബിനാറ്റ് ഉള്‍പ്പെടെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1200-2500 രൂപ വരെ ഈടാക്കാം.

സാധാരണ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് 50-100 രൂപ നല്‍കണം. കിറ്റ് വാങ്ങി വീട്ടില്‍ വച്ചു പരിശോധിക്കാവുന്ന ആന്റിജന്‍ ടെസ്റ്റിന് 250-300 രൂപയാകുമെന്നും ഐസിഎംആര്‍ അറിയിച്ചു. ഐസിഎംആര്‍ അംഗീകരിച്ച 747 കിറ്റുകള്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് ലഭ്യമാണ്. ഇതില്‍ 580 എണ്ണം പ്രാദേശികമായി വികസിപ്പിച്ചതാണ്. നിലവില്‍ പ്രതിദിനം 71 ലക്ഷം ആര്‍ടിപിസിആര്‍ കിറ്റുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയിലുണ്ട്. ആഴ്ചയില്‍ 1.2 കോടി ഹോം ടെസ്റ്റ് കിറ്റുകളും.