Home വാണിജ്യം ഷോക്കടിപ്പിക്കുന്ന കെഎസ്ഇബി

ഷോക്കടിപ്പിക്കുന്ന കെഎസ്ഇബി

ലോക്ഡൗൺ സമയത്തെ വൈദ്യുതി ബിൽ കണ്ട് ഞെട്ടാത്തവരില്ല. ഇതുവരെ ഒരിക്കലും ലഭിക്കാത്ത ബില്ലാണ് പലരുടെയും വീട്ടിലെത്തിയത്. എന്നാൽ, സമയത്തിന് റീഡിങ് നടത്തിയ സ്ഥലങ്ങളിലെല്ലാം ബിൽ കാര്യമായി കൂടിയിട്ടുമില്ല. കൃത്യമായ സാങ്കേതിക സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു കാരണം. മീറ്ററിൽ എന്താണ് സംഭവിക്കുന്നതെന്ന് മിക്ക ഉപഭോക്താക്കളും അറിയുന്നില്ല. ആൾതാമസം കുറവുള്ള ഗ്രാമങ്ങളിലെല്ലാം സമയത്തിന് റീഡിങ് നടത്തിയെങ്കിലും നഗരങ്ങളിൽ നാലു മാസത്തെ റീഡിങ് നടത്തി വലിയൊരു ബിൽ നൽകുകയായിരുന്നു.

ഏപ്രിലിലെ യൂണിറ്റ് തോത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശരാശരിയായി പരിഗണിച്ചതാണ് ഉപയോക്താക്കൾക്ക് ഇരുട്ടടിയായത്. ജനുവരിക്കു ശേഷം പലയിടങ്ങളിലും മീറ്റർ റീഡിങ് നടന്നതു മേയിലാണ്. ലോക്ഡൗണിന്റെ പേരിൽ മിക്കയിടത്തും മാർച്ചിൽ റീഡിങ് നടന്നില്ല. ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയർന്നു നിന്ന ഏപ്രിൽ പരിഗണിക്കപ്പെട്ടു. എന്നാൽ, ഇതിനൊരു പരിഹാരം കാണാതെ വലിയ ബിൽ നൽകി ഉപഭോക്താക്കളെ കൊളളയടിച്ചിരിക്കുകയാണ്.

ഒരു മാസത്തെ അധിക ഉപയോഗത്തിന്റെ പേരിൽ‍ മറ്റു 3 മാസങ്ങളിലും അതേ സ്ലാബ് പ്രകാരം കൂടിയ ബിൽ അടയ്ക്കേണ്ട സ്ഥിതി! കെഎസ്ഇബിയുടെ ബില്ലിങ് രീതിയുടെ പ്രത്യേകത മൂലമാണിത്. എല്ലാ മേഖലകളിലും സാങ്കേതികമായി ഏറെ മാറിയിട്ടുണ്ടെങ്കിലും കെഎസ്ഇബി ഇപ്പോഴും ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള വഴിയാണ് തേടുന്നത്.

ടെലിസ്കോപിക് ബില്ലിങ്
∙ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു ടെലിസ്കോപിക് ബില്ലിങ്ങാണ് അനുവർത്തിക്കുന്നത്. ഉപയോഗിക്കുന്ന യൂണിറ്റിന് ആനുപാതികമായി 5 സ്ലാബുകൾ. ആദ്യ 50 യൂണിറ്റിനു 3.15 രൂപ. 51 – 100 വരെ യൂണിറ്റിനു 3.70 രൂപ എന്ന ക്രമത്തിൽ വർധിച്ച് 201 – 250ലെത്തുമ്പോൾ യൂണിറ്റിന് 7.60 രൂപയാകും. 250 കടന്നാൽ ഉപയോഗിച്ച മുഴുവൻ യൂണിറ്റിനും ഒരേ നിരക്കാണ്. ഉപയോഗം 251 ആയാൽ മുഴുവൻ യൂണിറ്റിനും 5.80 രൂപ നൽകണം.

സാധാരണ മാസങ്ങളിൽ 250 യൂണിറ്റിനു താഴെ ഉപയോഗിച്ചിരുന്നവരെല്ലാം ഏപ്രിലിൽ അതിലേറെ വൈദ്യുതി ഉപയോഗിച്ചിരിക്കും. ഏപ്രിൽ ശരാശരിയായി കണക്കാക്കിയപ്പോൾ, കുറഞ്ഞ ഉപയോഗമുണ്ടായിരുന്ന മുൻ മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ടെലിസ്കോപിക് ബില്ലിങ് ആനുകൂല്യം നഷ്ടമായി. മുൻപ്, 500 യൂണിറ്റ് വരെ ടെലിസ്കോപിക് ബില്ലിങ്ങിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. 2019 ജൂലൈയിൽ 250 യൂണിറ്റ് വരെയാക്കി ചുരുക്കി.

ഡോർ ലോക്ക് അഡ്ജസ്റ്റ്മെന്റ്
∙ ലോക്ഡൗൺ കാലത്തു റീഡിങ് എടുക്കാതിരുന്നതിന്റെ പിഴയും ഉപയോക്താക്കളുടെ ചുമലിലായി. ഉപയോക്താവിന്റെ വീടു പൂട്ടിക്കിടന്നാൽ (ഡോർ ലോക്ക്) മീറ്റർ റീഡിങ് കഴിയാതെ വരും. മുൻ ഉപയോഗശരാശരി പ്രകാരം ബിൽ നൽകും. പിന്നീട്, റീഡിങ് പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ചു കൂടുതൽ തുക ഈടാക്കും. അതാണു പലരുടെയും ബില്ലിൽ ഡിഎൽ (ഡോർ ലോക്ക്) അഡ്ജസ്റ്റ്മെന്റ് എന്നു രേഖപ്പെടുത്തുന്നത്. ഫ്ലാറ്റുകളിലെ താമസക്കാർക്കു പോലും ഡിഎൽ അഡ്ജസ്റ്റ്മെന്റ്, അറിയേഴ്സ് എന്ന നിലയിൽ വലിയ തുക ചുമത്തിയിരിക്കുന്നു.

സംസ്ഥാനത്തെ വൈദ്യുത മീറ്ററുകളിൽ വൻ മാറ്റം വരുത്തേണ്ടതുണ്ട്. പെയ്ഡ് വൈദ്യുതമീറ്ററുകൾ ഏർപ്പെടുത്തുന്നതാണ് നല്ലത്. നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരിക. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴിൽ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കും