Home അറിവ് കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രധാന ഘടകം ഇതാണ്; അറിഞ്ഞ് പ്രതിരോധിക്കാം

കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രധാന ഘടകം ഇതാണ്; അറിഞ്ഞ് പ്രതിരോധിക്കാം

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ജനങ്ങളെയൊന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനോടകം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കോവിഡിനെ മറികടക്കാന്‍ ഏറ്റവുമധികം വേണ്ടത് രോഗപ്രതിരോധശേഷിയാണ്. അതുകൊണ്ടാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്നത്.

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന വൈറ്റമിന്‍-സി, വൈറ്റമിന്‍- ഡി എന്നിവയടങ്ങിയ ഭക്ഷണം, സപ്ലിമെന്റ്സ് എന്നിവയെ കുറിച്ചും ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുകേട്ടിരുന്നു. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.

വൈറ്റമിന്‍-ഡി കൊവിഡ് രോഗികളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാനും അതുവഴി അവരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനും സഹായിക്കുന്നൊരു ഘടകാണ് എന്നതാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍. ‘പ്ലസ് വണ്‍’ എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

കോവിഡ് 19, ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അതുകൊണ്ട് ശ്വസന പ്രക്രിയയില്‍ ആവശ്യമായി വരുന്ന ‘ഓക്സിജന്‍’ കുറയുന്നത് രോഗികളുടെ അവസ്ഥ മോശമാക്കുന്നു. എന്നാല്‍ കാര്യമായ അളവില്‍ വൈറ്റമിന്‍-ഡി ഉള്ള ഒരു രോഗിക്ക് ഈ പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കാരണം അവരില്‍ വീണ്ടും ആവശ്യമായി വരുന്ന ഓക്സിജന്റെ അളവ് താരതമ്യേന കുറവായിരിക്കും. ഇതുമൂലം ചികിത്സയോട് എളുപ്പത്തില്‍ സഹകരിക്കാന്‍ ശരീരത്തിന് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പഠനത്തിനായി പരിഗണിച്ച ആകെ രോഗികളില്‍ 32 ശതമാനം പേരിലും വൈറ്റമിന്‍- ഡി കാര്യമായ അളവില്‍ ഉണ്ടായിരുന്നതായും ഇവരെ രോഗം സാരമായി ബാധിച്ചില്ലെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഒരു വിഭാഗത്തിന് വൈറ്റമിന്‍-ഡി സഹായകമാകാതെ പോയതായും പഠനം കണ്ടെത്തി. ഇവരില്‍ മറ്റേതെങ്കിലും ഘടകം ശക്തമായ രീതിയില്‍ രോഗത്തിന് ആക്കം വര്‍ധിപ്പിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിപ്പെട്ടത്.