Home ഭക്ഷണം വളർത്തു മീനിൽ പ്രിയങ്കരമാകുന്നു – അനാബസ്.

വളർത്തു മീനിൽ പ്രിയങ്കരമാകുന്നു – അനാബസ്.

A fish has name Climbing Perch or Scientific name Anabas testudineus isolated on white background ,It is economic fish ,Clipping path

ഏറെ നേരം കരയ്ക്കു പിടിച്ചിട്ടാലും മീൻ ചാവില്ല എന്നു വന്നാലോ? ആറാം മാസം തന്നെ അര കിലോ തൂക്കമെത്തിയാലോ? ഒരേക്കറിൽ ഒരു ലക്ഷം മീൻ നിറച്ചാലും പ്രശ്നമില്ലെങ്കിൽ? പ്രാണവായു കുറഞ്ഞ കുളത്തിലോ സ്ഫടിക ടാങ്കിലോ വളരുമെന്നായാലോ? കടുത്ത ശൈത്യത്തെയും കൊടുംചൂടിനെയും ഒരേപോലെ അതിജീവിക്കുമെങ്കിൽ ? അതാണ് ഈ മീൻ – അനാബസ്.
അനാബസ് ഒരു സ്വദേശി മത്സ്യം തന്നെ. ഗാംഗറ്റിക് കോയി, അനാബസ് ടെസ്റ്റ്യുഡിനിയസ്, കോബോജിയസ് എന്നിങ്ങനെ വിവിധ വകഭേദങ്ങളിൽ അറിയപ്പെടും. മധ്യകേരളത്തിൽ കറൂപ്പ് എന്നും കുട്ടനാട്ടിൽ കരട്ടി അഥവാ ചെമ്പല്ലി എന്നും വിളിക്കുന്നു. ബംഗ്ലാദേശ്, വിയറ്റ്നാം വഴി വീണ്ടും കേരളത്തിലെത്തിയ അനാബസ് പുതുതാരമാവുകയാണ്. നാവിൽ രുചി മേളങ്ങൾ തീർക്കുന്ന മാംസം, കുടംപുളിയിട്ട് ചട്ടിയിൽ വയ്ക്കാനും വാഴയിലയിൽ പൊളളിക്കാനും കനലിൽ ചുട്ടെടുക്കാനും ഒരേപോലെ നന്ന്.
അടുത്ത കാലം വരെ കാർപ്പ് മത്സ്യങ്ങൾക്കായിരുന്നു നമ്മുടെ നാട്ടിൽ ശുദ്ധജല മത്സ്യക്കൃഷിയിൽ പ്രാധാന്യം. എന്നാൽ കാർപ്പിനുമുണ്ട് കുറവുകൾ. പൂർണമായും ജൈവ പ്ലവകങ്ങൾ ഭക്ഷിക്കുന്ന കാർപ്പുകൾക്കു വേണ്ടത്ര വളർച്ചയില്ല. വെള്ളം മലിനമായാൽ പ്രാണവായുവിന്റെ അസാന്നിധ്യത്തിൽ മരണനിരക്കേറും. വെള്ളത്തിന്റെ പിഎച്ച് മൂല്യം ഏറിയും കുറഞ്ഞുമിരുന്നാൽ പറയാനുമില്ല. ഏറിയാൽ ഒരേക്കറിൽ നാൽപതിനായിരം മീൻ സ്റ്റോക്ക് ചെയ്യാം. ഒഴുകി നടക്കുന്ന മുട്ടകളായതിനാൽ പ്രേരിത പ്രജനനത്തിന് ചൈനീസ് ഹാച്ചറികൾ തന്നെ വേണം. ഈ പരിമിതികളെല്ലാം മറികടക്കാനാണ് അനാബസ് എത്തിയിരിക്കുന്നത്. ആറാം മാസം തന്നെ ശരാശരി 400 ഗ്രാം തൂക്കമെത്തും. പി എച്ച് നിലയിൽ 4–10 വരെയുള്ള വ്യതിയാനം സഹിക്കാൻ അനാബസിന് കഴിവുണ്ട്. ലാബ്രിന്ത് എന്ന പ്രത്യേക ശ്വസനാവയവം ഉള്ളതു കൊണ്ട് വെള്ളത്തിലെ പ്രാണവായു കുറഞ്ഞാലും ജീവിക്കാനുള്ള അസാമാന്യ കഴിവാണ് ഏറെ പ്രധാനം. ബംഗാളിലും മറ്റും കിലോയ്ക്ക് 600 രൂപ വിലയുള്ള ഈ മത്സ്യം അനായാസമായി വളർത്താമെന്നു വന്നതോടെ പുതുതലമുറ മത്സ്യങ്ങളിൽ അനാബസ് ഒന്നാമനായി മാറുകയാണ്.
അനാബസിന്റെ വിളവെടുപ്പും താരതമ്യേന എളുപ്പമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് വെള്ളമിറക്കിയും ഇവയെ വളർത്താം. പാടം വറ്റിച്ച് മത്സ്യങ്ങളെ പെറുക്കിയെടുത്താൽ മതി. പാടത്തും ഓരു ജലാശയത്തിലും വലവളപ്പിലും അനാബസിനെ വളർത്താം. ആറാം മാസം തന്നെ ഇവ പൂർണ വളർച്ചയെത്തും.