Home ആരോഗ്യം ആര്‍ത്തവചക്രം ക്രമം തെറ്റുകയാണോ?: പരിഹാരം വീട്ടിലുണ്ട്

ആര്‍ത്തവചക്രം ക്രമം തെറ്റുകയാണോ?: പരിഹാരം വീട്ടിലുണ്ട്

സ്ത്രീകളെ സമ്പന്ധിച്ചിടത്തോളം കഷ്ടപ്പാടുകളുടെ കാലമാണ് ആര്‍ത്തവകാലം. ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലര്‍ക്കും ഏറെ ബുദ്ധിമുട്ടുള്ളതാണ്. ക്രമം തെറ്റിയ ആര്‍ത്തവം കൂടിയാകുമ്പോള്‍ സ്ത്രീകള്‍ ആകെ ബുദ്ധിമുട്ടിലാകും. ഇതിന് പല കാരണങ്ങളുണ്ട്. അനാരോഗ്യകരമായ ജീവിതശൈലി, സ്‌ട്രെസ്, ഹോര്‍മോണ്‍ അസംതുലനം ഇവയെല്ലാം ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകാം.

ക്രമം തെറ്റിയ ആര്‍ത്തവത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. ഇഞ്ചി ഇതിന് സഹായിക്കുന്ന ഒരു വസ്തുവാണ്. ഏറെ ഔഷധങ്ങള്‍ നിറഞ്ഞ ഇഞ്ചി ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ഇഞ്ചി പതിവായി ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവ ക്രമക്കേട് കുറയ്ക്കും. ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ഇഞ്ചി നീരും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവം ക്യത്യമാകാന്‍ സഹായിക്കും.

മഞ്ഞള്‍ പതിവായി ഉപയോഗിക്കുന്നത് ഹോര്‍മോണ്‍ സംതുലനത്തിനു സഹായിക്കും. ഹോര്‍മോണ്‍ അസംതുലനമാണ് ആര്‍ത്തവക്രമക്കേടുകള്‍ക്ക് സാധാരണയായി കാരണമാകുന്നത്. ദിവസവും രാത്രി മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് നല്ലതാണ്.

ഹോര്‍മോണുകളുടെ സന്തുലനത്തിനും ആര്‍ത്തവം ക്രമീകരിക്കുന്നതിനും കറുവപ്പട്ടയും സഹായകമാണ്. ഭക്ഷണത്തില്‍ ചേര്‍ത്തോ പാലില്‍ ചേര്‍ത്തോ ഇത് കഴിക്കാം. മാത്രമല്ല, ആര്‍ത്തവ വേദനയും രക്തസ്രാവവും ഗണ്യമായി കുറയ്ക്കുകയും ആര്‍ത്തവ സമയത്തെ ഛര്‍ദ്ദി ഒഴിവാക്കാനും സഹായിക്കും.

ജീരകവും ആര്‍ത്തവം ക്രമീകരിക്കാന്‍ വളരെ നല്ലതാണ്. ആര്‍ത്തവ വേദനയ്ക്കും ജീരകം ഫലം ചെയ്യും. രാത്രി ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ജീരകമിട്ട് വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം അരിച്ചശേഷം കുടിക്കുക. ആര്‍ത്തവം ക്രമമാകാന്‍ ഇത് സഹായിക്കും.