ബാങ്കുകാര്‍ ജപ്തിക്കായെത്തുമ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തി ഓടിച്ച വീട്ടുടമക്ക് ഒടുവിൽ ബാങ്ക് പണി കൊടുത്തു. വീട്ടില്‍ വളര്‍ത്തിയിരുന്ന 14 ഓളം നായ്ക്കളെ അഴിച്ചുവിട്ടായിരുന്നു വീട്ടുടമ ബാങ്കുദ്യോഗസ്ഥരെ ഭയപ്പെടുത്തി തിരിച്ചയച്ചിരുന്നത്. ഭീഷണി പതിവായതോടെ കോടതി ഉത്തരവുമായി ബാങ്കുകാര്‍ നായ്ക്കളെ ജപ്തി ചെയ്യുമെന്ന് പത്രപരസ്യം നല്‍കി. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥര്‍ നായ്ക്കളെ പിടിച്ച് കൊണ്ട് പോവുകയും ചെയ്തു. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിയായ അനില്‍ കുമാറാണ് വസ്തു പണയപ്പെടുത്തി 80 ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാതായതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. പണയം വെച്ച വസ്തുവിന്മേല്‍ തുടര്‍ നടപടികള്‍ക്കായി സ്ഥലത്തെത്തിയിരുന്ന ഉദ്യോഗസ്ഥരെ സ്ഥിരമായി നായ്ക്കളെ വിട്ട് ഭയപ്പെടുത്തി ഓടിക്കുന്നത് പതിവായതോടെ ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ സഹായത്തോടെ 14 നായ്ക്കളേയും ബാങ്കിന്റെ ചിലവില്‍ പിടികൂടുകയും ചെയ്തു. എന്നാല്‍ നായ്ക്കളെ പിടിക്കാനും സംരക്ഷിക്കാനുമായി ബാങ്കിന് ചിലവായത് 30,000 രൂപയാണ്. ഇത് അടച്ച് നായ്ക്കളെ തിരിച്ചെടുക്കാന്‍ ഉടമസ്ഥനോട് പത്ര പരസ്യത്തിലൂടെ ആവശ്യപ്പെട്ടിട്ടും ഉടമസ്ഥന് ഇക്കാര്യത്തിലും കുലുക്കമില്ലായിരുന്നു. പത്രപരസ്യം വന്നതോടെ ഉടമസ്ഥന്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇപ്പോള്‍ ബാങ്കുകാര്‍ക്ക് നായ്ക്കള്‍ തലവേദനയായി മാറിയിരിക്കുകയാണ്. ഒരു നായയൊഴികെ ബാക്കിയെല്ലാം നാടൻ നായ്ക്കളാണ്.