സിനിമ ഇനിമുതല്‍ മദ്യപാന, പുകവലി വിമുക്തമാകും. കള്ള്കുടിയും പുകവലിയുമില്ലാത്ത നായകന്മാരും വില്ലന്‍മാരുമാകും ഇനിമുതല്‍ മലയാളസിനിമയില്‍ ഉണ്ടാവുക. ദുസ്വഭാവങ്ങളില്ലാത്ത സിനിമക്ക് മാത്രമേ പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന നിയമസഭാ സമിതിയുടെ പുതിയ നിര്‍ദേശം കൊണ്ട് ഇനി സിനിമയിലെ ഗുണ്ടകളടക്കം നല്ലനടപ്പുകാരാകും. പുതിയ നിര്‍ദേശം കൊണ്ട് ഒരുപക്ഷെ ഇത്തരം ഒരു വിഭാഗം തന്നെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാകുമോയെന്നു കണ്ടറിയാം. ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമെ സിനിമയ്ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ എന്നും ശുപാര്‍ശയില്‍ പറയുന്നു. ഇത്തരം സീനുകള്‍ കുട്ടികള്‍ അനുകരിക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് പുതിയ നിര്‍ദേശത്തിന് പിന്നില്‍. മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായി മുന്നറിയിപ്പു നല്‍കണമെന്ന് ചട്ടം നിലനില്‍ക്കെ തന്നെയാണ് ഇത്തരം രംഗങ്ങള്‍ കര്‍ശ്ശനമായി നീക്കണമെന്ന പുതിയ നിര്‍ദേശം വന്നത്.