Home വിദ്യഭ്യാസം ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ട് നടത്തരുത്; ബാലവകാശ കമ്മീഷന്‍

ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ട് നടത്തരുത്; ബാലവകാശ കമ്മീഷന്‍

സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകളില്‍ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ള പരീക്ഷകള്‍ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചില രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മീഷന്റെ ഉത്തരവ്.

പരീക്ഷ നടത്തരുതെന്ന കാര്യം വ്യക്തമാക്കി സിബിഎസ്ഇ പ്രാദേശിക ഓഫിസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, അംഗങ്ങളായ കെ നസീര്‍, ബി ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് ഉത്തരവിട്ടു.

സിബിഎസ്ഇ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി എറണാകുളം ജില്ലയിലെ നിരവധി സ്‌കൂളുകള്‍ കുട്ടികളെ വിളിച്ചുവരുത്തി ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ പരീക്ഷകള്‍ നടത്തിയെന്ന രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

ഒമ്പതാം ക്ലാസില്‍ പൊതുപരീക്ഷ ഇല്ലെന്നിരിക്കെ, കോവിഡ് ഭീഷണി അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സിബിഎസ്ഇയുടെ നിബന്ധനകള്‍ക്ക് നിരക്കാത്ത നടപടിയാണ്. അതിനാല്‍ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ ഓഫ്‌ലൈനില്‍ എഴുതിക്കാന്‍ സ്‌കൂളുകളെ അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.