Home ആരോഗ്യം ഡെല്‍റ്റ വകഭേദം യഥാര്‍ത്ഥ വൈറസിനേക്കാള്‍ 1000 മടങ്ങ് വേഗത്തില്‍ പെരുകും; വിദഗ്ധര്‍

ഡെല്‍റ്റ വകഭേദം യഥാര്‍ത്ഥ വൈറസിനേക്കാള്‍ 1000 മടങ്ങ് വേഗത്തില്‍ പെരുകും; വിദഗ്ധര്‍

രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ കാരണം ഡെല്‍റ്റ വേരിയന്റ് തന്നെയെന്ന് സ്ഥിരീകരിച്ച് വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവ പ്രവേശിക്കുന്ന രോഗിയുടെ ശ്വസനനാളിയില്‍ വളരെ വേഗം വളരുകയും പെരുകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. യഥാര്‍ത്ഥ വൈറസ് വേരിയന്റിനേക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ഡെല്‍റ്റ പെരുകുമെന്നാണ് കണ്ടെത്തല്‍.

ഇന്ത്യയിലെ 10 ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്ത്യന്‍ സാര്‍സ് കോവ്2 കണ്‍സോര്‍ഷ്യം ഓണ്‍ ജീനോമിക്സ്(INSACOG) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം ഉയര്‍ന്ന പ്രസരണമാണ് കാണിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന ദിവസേന നടത്തുന്ന വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ വളരെ ഉയര്‍ന്ന തോതിലുള്ള പ്രസരണമാണ് ഡെല്‍റ്റ വേരിയന്റ് കാണിക്കുന്നതെന്നും ഇവയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് മനസ്സിലാക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഡബ്യൂഎച്ച്ഒ ശാസ്ത്രജ്ഞ മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

വൈറസ് ബാധിച്ച ഒരാളില്‍ ഡെല്‍റ വകഭേദം തിരിച്ചറിയാന്‍ സാധിക്കുന്ന തലത്തിലേക്ക് എത്താന്‍ തന്നെ നാല് ദിവസത്തോളം വേണ്ടിവരുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ കൊറോണ വൈറസ് തിരിച്ചറിയാന്‍ ആറ് ദിവസത്തോളം സമയമെടുക്കും. ഡെല്‍റ വേരിയന്റ് ബാധിച്ചവരില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ രോഗം പകരാന്‍ ഇടയുണ്ടെന്നും ഇത് വളരെ പെട്ടെന്നുതന്നെ ക്വാറന്റൈനില്‍ പോകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണെന്നും പഠനത്തില്‍ കണ്ടെത്തി.

തീവ്രമായ മ്യൂട്ടേഷനുകള്‍ ഇനി സംഭവിച്ചില്ലെങ്കില്‍ രാജ്യത്ത് മൂന്നാം തരംഗവും ഡെല്‍റ്റ വേരിയന്റ് മൂലമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ലാംബ്ഡ വകഭേദത്തെയും നിരീക്ഷിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.