Home പ്രവാസം യുഎഇയില്‍ ഇനി സ്‌പോണ്‍സര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് കമ്പനി തുടങ്ങാം; നിയമം ഉടന്‍ പ്രാബല്യത്തില്‍

യുഎഇയില്‍ ഇനി സ്‌പോണ്‍സര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് കമ്പനി തുടങ്ങാം; നിയമം ഉടന്‍ പ്രാബല്യത്തില്‍

പ്രവാസികള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ യുഎഇയില്‍ നിന്നും പുറത്ത് വരുന്നത്. ഇനിമുതല്‍ യുഎഇയില്‍ പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാമെന്നുള്ള നിയമഭേദഗതി പുറത്തിറങ്ങിയിരിക്കുകയാണ്. യുഎഇ പൗരന്മാര്‍ സ്‌പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് ഇതോടെ മാറിയത്.

ഡിസംബര്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. യുഎഇ കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദേശ പൗരന്മാര്‍ തുടങ്ങുന്ന കമ്പനിയില്‍ കുറഞ്ഞ ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎഇ പൗരന്മാര്‍ക്ക് വേണമെന്ന നയം ഇതോടെ പൂര്‍ണമായും മാറ്റി.

അതേസമയം തന്ത്ര പ്രധാനമായ മേഖലകളിലെ കമ്പനികളില്‍ ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക.

മുന്‍പുള്ള കമ്പനി നിയമപ്രകാരം യുഎഇയില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ (എല്‍എല്‍സി) തുടങ്ങുമ്പോള്‍ വിദേശികളുടെ ഉടമസ്ഥാവകാശം 49% ആക്കിയിട്ടുണ്ടായിരുന്നു. യുഎഇ പൗരനോ, പൂര്‍ണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവും ബാക്കി 51% ഉടമസ്ഥാവകാശം.

മുന്‍ നിയമപ്രകാരം ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്‌പോണ്‍സര്‍ഷിപ്പിലേ വിദേശിക്ക് കമ്പനി തുടങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച് 51 നയങ്ങള്‍ പരിഷ്‌കരിക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.