Home അറിവ് ഇനി തടവുകാര്‍ ടീഷര്‍ട്ടും ബര്‍മുഡയും ധരിക്കും; സ്ത്രീകള്‍ക്ക് ചുരിദാര്‍

ഇനി തടവുകാര്‍ ടീഷര്‍ട്ടും ബര്‍മുഡയും ധരിക്കും; സ്ത്രീകള്‍ക്ക് ചുരിദാര്‍

വേഷത്തില്‍ അടിമുടി മാറ്റവുമായി ജയില്‍ വകുപ്പ്. തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലിലെ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും ആയിരിക്കും. സ്ത്രീകള്‍ ചുരിദാര്‍ ആയിരിക്കും ധരിക്കുന്നത്. ജയിലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.

സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും വേഷം മാറ്റുന്ന പദ്ധതി നടപ്പിലാക്കുക. ഏത് നിറത്തിലായിരിക്കണം വേഷം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്.

കോഴിക്കോട് ജയിലിലായിരിക്കും ആദ്യഘട്ടമെന്ന നിലയില്‍ വേഷമാറ്റം നടപ്പിലാക്കുക. ഇവിടെ 200 പുരുഷന്‍മാരും 15 സ്ത്രീകളുമാണുള്ളത്. വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമാണ് നല്‍കുന്നത്.