Home അറിവ് ഓണ്‍ലൈനില്‍ പോണ്‍ കാണുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്

ഓണ്‍ലൈനില്‍ പോണ്‍ കാണുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്

ശ്ലീല വിഡിയോ വെബ്‌സൈറ്റുകളും പോണ്‍ ഉള്ളടക്കങ്ങളും പതിവായി സന്ദര്‍ശക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നതായി വിവരം. ഉത്തര്‍പ്രദേശ് പൊലീസ് ആണ് ഓണ്‍ലൈനില്‍ അശ്ലീല ഉള്ളടക്കം കാണുന്നവരെ നിരീക്ഷിക്കുന്നത്. അത്തരം ഉള്ളടക്കം കാണുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം അവരുടെ ഡിജിറ്റല്‍ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

യുപി പൊലീസിന്റെ 1090 സര്‍വീസിന് കീഴിലാണ് ഓണ്‍ലൈന്‍ നിരീക്ഷണം നടക്കുന്നത്. ഇതിന് കീഴില്‍, ഒരു പൊലീസ് ടീം മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ അശ്ലീല വിഡിയോ കാണുന്നവരെ നിരീക്ഷിക്കും. ആരൊക്കെ, എന്ത്, എത്ര പോണ്‍ കാണുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള ഡേറ്റ സൂക്ഷിക്കുന്നുമുണ്ട്.

പൊലീസ് ടീം സ്ഥാപിച്ച പുതിയ ടെക് സംവിധാനം അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ അശ്ലീല വെബ്സൈറ്റിലേക്ക് പോയാല്‍ യുപി പൊലീസിന്റെ 1090 സര്‍വീസ് വെബ്സൈറ്റില്‍ നിന്നുള്ള പോപ്പ്-അപ്പ് അലേര്‍ട്ട് കാണിക്കും. അവരുടെ ഡേറ്റ പൊലീസ് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ഉപയോക്താവിനെ അറിയിക്കും.

ഇതിനൊപ്പം തന്നെ, സേവനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി സോഷ്യല്‍ മീഡിയ സൈറ്റുകളായ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് എന്നിവയിലൂടെ 1090 ഡിജിറ്റല്‍ ക്യാംപെയ്നും നടത്തുന്നുണ്ട്. ഇത്തരം അശ്ലീലത്തിന് ഇരയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

അശ്ലീലം കാണുന്നത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് മുതിര്‍ന്ന നിയമവിദഗ്ധര്‍ പറയുന്നത്. പൈലറ്റ് പ്രോജക്ടായി യുപിയിലെ ആറ് ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയതെന്നും ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. യുപിയില്‍ ഏകദേശം 11.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്.