Home കൗതുകം ഈ കിടക്കയില്‍ കിടന്നാല്‍ താനേ ഉറങ്ങും; പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍മ്മിതബുദ്ധി

ഈ കിടക്കയില്‍ കിടന്നാല്‍ താനേ ഉറങ്ങും; പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍മ്മിതബുദ്ധി

മ്മുടെ ഉറക്കവും കിടക്കുന്ന സ്ഥലവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. കിടക്കുന്ന കിടക്ക സുഖകരമാണെങ്കില്‍ ഉറക്കവും സുഖകരമായിരിക്കും. നിങ്ങളെ ഏറ്റവും സുഖകരമായ രീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന കിടക്ക അവതരിപ്പിച്ചിരിക്കുകയാണ് എമ്മ മോഷന്‍ എന്ന കമ്പനി. ഉറക്കം അനായാസമാക്കാന്‍ സഹായിക്കുന്ന നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 360 സെന്‍സറുകളാണ് ഈ കിടക്കയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇതുവഴി ഉറങ്ങുന്നയാളുടെ ചെറു ചലനങ്ങള്‍ പോലും തിരിച്ചറിയാനും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും കിടക്കക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജര്‍മ്മന്‍ സ്ലീപ് ടെക് ബ്രാന്‍ഡായ എമ്മയാണ് ഈ സ്മാര്‍ട് മാട്രസിന് പിന്നില്‍. ‘ആളുകളുടെ ഉറക്കത്തെ സഹായിച്ച് അവരുടെ ജീവിതത്തെ തന്നെ നല്ല രീതിയില്‍ മാറ്റുകയെന്നതാണ് ഞങ്ങളുടെ ദൗത്യം.

ഓരോ മനുഷ്യന്റെയും ഉറക്കം അവരുടെ ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് കൂടുതല്‍ പഠനങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്’ എമ്മയുടെ സിഇഒയായ മാന്വല്‍ മ്യൂളര്‍ പറയുന്നു. വ്യക്തികളുടെ ഉറക്കം കൂടുതല്‍ അനായാസകരമാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളില്‍ കൂടുതലായി നിക്ഷേപം നടത്തുന്ന കമ്പനിയാണ് എമ്മ.

എമ്മ മോഷന്‍ കിടക്കകള്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും രാത്രി സമയത്ത് പ്രത്യേകമായി ശബ്ദമൊന്നും പുറപ്പെടുവിക്കുകയില്ല. കിടക്കയുടെ ഏറ്റവും മുകളിലെ പതുപതുത്ത ഭാഗത്തിന് താഴെയായാണ് എഐ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഉറക്കത്തില്‍ കിടക്കുന്ന രീതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഇതുവഴിയാണ് തിരിച്ചറിയുക. ഓരോ ചലനങ്ങളിലൂടെയും ശരീരത്തിന് കൂടുതലായി സമ്മര്‍ദം അനുഭവിക്കേണ്ടി വരുമോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും തല്‍സമയം ശേഖരിക്കും.

എമ്മയുടെ നെറ്റ്വര്‍ക്കില്‍ നേരത്തെ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഏറ്റവും മികച്ച പൊസിഷനിലാണോ ഉറങ്ങുന്നയാള്‍ കിടക്കുന്നതെന്ന് ഉറപ്പുവരുത്തും. ഇതിനു വേണ്ട രീതിയില്‍ പൊങ്ങിയും താഴ്ന്നും സ്വയം മാറുകയാണ് ഈ കിടക്കകള്‍ ചെയ്യുന്നത്.

രാത്രി മുഴുവനായും ഇത്തരത്തില്‍ സ്വയം മാറുന്ന കിടക്കയുടെ ചലനങ്ങളിലൂടെ ഏറ്റവും സുഖകരമായ ഉറക്കം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഉറക്കത്തിനിടെ നട്ടെല്ല് പൂര്‍ണമായും സുഖകരമായ അവസ്ഥയിലാണെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കിടക്കയില്‍ കിടക്കുന്നയാള്‍ക്ക് ഉറക്കത്തിനിടെ ഒരിക്കല്‍ പോലും അധികമായി ചൂട് അനുഭവിക്കേണ്ടി വരില്ലെന്ന് ഡയമണ്ട് ഡിഗ്രി സാങ്കേതികവിദ്യ ഉറപ്പുവരുത്തുമെന്നും എമ്മ അധികൃതര്‍ പറയുന്നു. കിടക്കയുടെ മുകള്‍ ഭാഗത്തെ ദശലക്ഷക്കണക്കിന് ഗ്രാഫൈറ്റ് പാര്‍ട്ടിക്കിള്‍സാണ് അധികം ചൂടാവാതിരിക്കാന്‍ സഹായിക്കുന്നത്.

എമ്മ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് തങ്ങള്‍ക്കിഷ്ടപ്പെടുന്ന ഫീച്ചറുകള്‍ കിടക്കയില്‍ ഉള്‍ക്കൊള്ളിക്കാനാവുകയും ചെയ്യും. യൂറോപ്യന്‍ വിപണിയില്‍ ലഭ്യമായ ഈ എഐ കിടക്കക്ക് 2499 യൂറോയാണ് (ഏകദേശം 2.19 ലക്ഷം രൂപ) വില.