Home അറിവ് ബിനാലെ ആലപ്പുഴയിലും; മാര്‍ച്ച് 10ന് ആരംഭിക്കും

ബിനാലെ ആലപ്പുഴയിലും; മാര്‍ച്ച് 10ന് ആരംഭിക്കും

ന്താരാഷ്ട്ര ബിനാലെ മാര്‍ച്ച് 10 മുതല്‍ ആലപ്പുഴയിലെ വിവിധസ്ഥലങ്ങളിലും കൊച്ചിയിലുമായി സംഘടിപ്പിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചു. ബിനാലെയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു തിയതിയും സ്ഥലവും സംബന്ധിച്ച കാര്യങ്ങളില്‍ അദ്ദേഹം വ്യക്തത വരുത്തിയത്. ബിനാലെ 90 ദിവസം നീണ്ടുനില്‍ക്കും.

ലോകമേ തറവാട് എന്ന തീം അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ ബിനാലെ സംഘടിപ്പിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മുസുരിസ് പൈതൃക പദ്ധതി, കയര്‍ബോര്‍ഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസംവകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി, കരണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് കേരള, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിട്ടെക്ട്‌സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക.

ആലപ്പുഴ പട്ടണത്തെ പൈതൃകനഗരം എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്ത് എടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതുവഴി സാംസ്‌കാരികം, കല, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഉണര്‍വ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ എത്തുന്ന അഞ്ചുലക്ഷത്തോളം വരുന്ന ടൂറിസ്റ്റുകളില്‍ പകുതിപേരെങ്കിലും ആലപ്പുഴയുടെ പൈതൃക, സാംസ്‌കാരിക സമ്പത്ത് കാണാനായി ഇവിടെ ഒരുദിവസം തങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കും. കനാല്‍ക്കരയിലുള്ള പാണ്ടികശാലകള്‍ പുനരുദ്ധരിച്ചുവരുകയാണ്.