Home അറിവ് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ അമ്മയുടെ പേര് മാത്രം, അച്ഛന്റെ പേരിന് കോളമില്ല; പുതുക്കിയ ഫോം

ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ അമ്മയുടെ പേര് മാത്രം, അച്ഛന്റെ പേരിന് കോളമില്ല; പുതുക്കിയ ഫോം

നന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോള്‍ അമ്മയുടെ പേര് മാത്രം ചേര്‍ക്കാന്‍ കോളമുള്ള പുതുക്കിയ ഫോം തയ്യാറായി. തദ്ദേശ വകുപ്പ് ആണ് ഇത് തയാറാക്കിയത്. അച്ഛന്റെ പേരു ചേര്‍ക്കാനുള്ള കോളമില്ലാത്തതും അമ്മയുടെ പേരു മാത്രമുള്ളതുമായ ഫോം കൊണ്ടുവരണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാറ്റം.

ഓഗസ്റ്റിലെ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കിയ പ്രത്യേക ഉത്തരവിന് അനുബന്ധമായാണ് ഫോമും തയാറാക്കിയത്. വിവാഹമോചനത്തിന് ശേഷം അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിച്ച് കൃത്രിമ സങ്കലനത്തിലൂടെ (ഐവിഎഫ്) ഗര്‍ഭിണിയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

ദാതാവ് അജ്ഞാതനായതിനാല്‍ ആ പേര് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതു സ്വകാര്യതയുടെ ലംഘനമാകുമെന്നു ചൂണ്ടിക്കാണിച്ചായിരന്നു ഹര്‍ജി. അച്ഛന്റെ പേര് രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റും അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുമെന്നു കോടതിയും വിലയിരുത്തി.

അമ്മയുടെ പേരു മാത്രം രേഖപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചേരാനല്ലൂര്‍ പഞ്ചായത്തിനു നിര്‍ദേശം നല്‍കുന്ന ഉത്തരവ് ഇന്നലെ തദ്ദേശ വകുപ്പ് പുറത്തിറക്കി. അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതികവിദ്യ (എആര്‍ടി) യിലൂടെ ഗര്‍ഭിണിയായി എന്ന സത്യവാങ്മൂലം യുവതിയില്‍ നിന്ന് എഴുതി വാങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്.