Home അറിവ് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ: മഴ അടുത്ത മാസം തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ: മഴ അടുത്ത മാസം തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ദിവസങ്ങളായി മഴ പെയ്തിട്ട്, പല സ്ഥലങ്ങളിലും കടുത്ത ചൂടുമാണ് അനുഭവപ്പെടുന്നത്. ഈ അവസ്ഥ സെപ്റ്റംബര്‍ വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന വിവരം. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ അടുത്തമാസം ആദ്യ വാരം മുതല്‍ വീണ്ടും കേരളത്തില്‍ തിരികെയെത്തും. നിലവില്‍ തുടരുന്ന നിര്‍ജീവ കാലവര്‍ഷം വീണ്ടും സജീവമാകാനുള്ള സാഹചര്യമാണ് കാണുന്നതെന്നും പറയുന്നു.

രണ്ടു ദിവസം കൂടി വൈകുന്നേരങ്ങളില്‍ കിഴക്കന്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം വരണ്ട കാലാവസ്ഥ തുടരുകയും ചെയ്യും. വടക്കന്‍ ജില്ലകളില്‍ പകല്‍ വരണ്ട കാലാവസ്ഥയും രാത്രിയോ പുലര്‍ച്ചെയോ കിഴക്കന്‍ മലയോരത്ത് ഒറ്റപ്പെട്ട മഴസാധ്യതയുമാണുള്ളത്.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോരത്താണ് മഴ സാധ്യത.  മറ്റു പ്രദേശങ്ങളിലെല്ലാം വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. പകല്‍ വെയിലിനു ചൂട് കൂടും. രാത്രി താപനിലയും സാധാരണയേക്കാള്‍ കൂടും. 
സെപ്റ്റംബര്‍ 2 വരെയുള്ള അവലോകനം
ഓഗസ്റ്റ് അവസാന വാരം മുതല്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് അല്ലെങ്കില്‍ മാലദ്വീപ് മേഖലകളിലായി ചക്രവാതച്ചുഴികള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇവ ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം കേരളത്തിന്റെ കരയിലും കടലിലും അപകടം സൃഷ്ടിക്കുന്നവയല്ല.

ഓഗസ്റ്റ് 29 ന് ശേഷം കേരളത്തില്‍ ഒറ്റപ്പെട്ട മഴയും ചിലയിടങ്ങളില്‍ ഇടിയോടുകൂടെയുള്ള മഴക്കും ഇതു കാരണമാകും. ഈ സമയം ഫിലിപ്പൈന്‍സ് കടലില്‍ ശക്തിയേറിയ ചുഴലിക്കാറ്റ് രൂപം കൊള്ളാനും അത് തീവ്രചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും കേരളത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയില്ല. സെപ്റ്റംബര്‍ ഒന്നോടെ കേരളത്തില്‍ മഴ തിരികെയെത്തുമെങ്കിലും സെപ്റ്റംബര്‍ 2 വരെ പ്രത്യേക ജാഗ്രതാ സാഹചര്യം നിവലില്ല.