Home വിദ്യഭ്യാസം ഇനി സ്‌കൂള്‍ തുറന്നാലും പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയില്ല; ആകെ പിന്നിട്ടത് 20 ശതമാനം, ഓണ്‍ലൈന്‍ ക്ലാസുകളുടെ...

ഇനി സ്‌കൂള്‍ തുറന്നാലും പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയില്ല; ആകെ പിന്നിട്ടത് 20 ശതമാനം, ഓണ്‍ലൈന്‍ ക്ലാസുകളുടെ അവസ്ഥയിതാണ്

സംസ്ഥാനത്ത് സ്‌കൂള്‍ തുറന്ന ശേഷവും മുഴുവന്‍ പാഠഭാഗവും പഠിപ്പിച്ചു തീര്‍ക്കാനായേക്കില്ല എന്നത് ആശങ്കയാവുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ മെല്ലെപ്പോക്കാണ് ഇതിന് കാരണം. അധ്യയന വര്‍ഷത്തിന്റെ 40 ശതമാനം പിന്നിട്ട് കഴിഞ്ഞു. എന്നിട്ടും 20 ശതമാനം ക്ലാസുകളാണ് എടുത്ത് കഴിഞ്ഞത്.

സ്ഥിരമായി സ്‌കൂള്‍ ഉള്ള സമയമാണ് ഇതെങ്കില്‍ ഓരോ വിഷയത്തിനും 65 പീരിയഡുകളാണ് പൂര്‍ത്തിയാകുമായിരുന്നത്. സിലബസ് കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ നിലപാട് മാറ്റേണ്ടി വന്നേക്കും. എന്നാല്‍ സിലബസ് കുറയ്ക്കാതെ, പരീക്ഷയ്ക്ക് വരുന്ന പാഠഭാഗങ്ങള്‍ കുറയ്ക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

10-ാം ക്ലാസിന് ദിവസം മൂന്നു ക്ലാസും എട്ട്, ഒമ്പത് ക്ലാസുകള്‍ക്ക് രണ്ടും ഒന്നു മുതല്‍ ഏഴ് വരെ ഓരോന്നുമാണ് വിക്ടേഴ്‌സ് ചാനലില്‍ പ്രതിദിന സംപ്രേഷണം. ജൂണ്‍ ഒന്നിനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ 13 ആഴ്ച പിന്നിട്ടു. 10-ലെ ഗണിതത്തിന് 65 ക്ലാസുകള്‍ കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 30 ആണ്. അതേസമയം മൂന്നാം ക്ലാസിലെ ഗണിതത്തിന് കിട്ടിയത് 19 ക്ലാസ് മാത്രമാണ്. 10-ാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന് കിട്ടിയത് 20 ആണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണമുണ്ടാവും. സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിലബസ് കുറയ്ക്കില്ലെന്ന തീരുമാനം സര്‍ക്കാര്‍ ജൂലൈയില്‍ എടുത്തത്. എന്നാല്‍ നവംബറിലോ ഡിസംബറിലോ സ്‌കൂള്‍ തുറക്കാനാവുമോ എന്ന കാര്യവും ഉറപ്പിക്കാനാവാത്ത അവസ്ഥയാണ്.