Home അറിവ് സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് എത്തി; വാക്‌സിനേന്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് എത്തി; വാക്‌സിനേന്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ പ്രതിസന്ധിയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി. ഇതിന് ശേഷം ഇന്ന് മുതല്‍ വീണ്ടും കോവിഡ് വാക്‌സിനേഷന്‍ പുനരാരംഭിച്ചു. ഇന്നലെ പത്ത് ലക്ഷത്തോളം കോവിഡ് വാക്‌സിനാണ് സംസ്ഥാനത്തെത്തിയത്. നാലു ദിവസത്തേക്കുള്ള വാക്‌സിനാണിത്. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്സിന്‍ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്സിനാണ് ലഭിച്ചത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്. ഇവ നാലുദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും.

കുത്തിവെപ്പ് പുനഃരാരംഭിക്കുമ്പോള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ പോലീസിന് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നിര്‍ദേശം

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്ക് വാക്സീന്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ 57,16,248 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും കിട്ടി. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്‍കി.