Home ആരോഗ്യം പത്ത് അവയവങ്ങളെ ലോങ്ങ് കോവിഡ് ബാധിക്കുന്നു; ലക്ഷണങ്ങള്‍ ഇരുന്നൂറിലേറെ, പഠനം

പത്ത് അവയവങ്ങളെ ലോങ്ങ് കോവിഡ് ബാധിക്കുന്നു; ലക്ഷണങ്ങള്‍ ഇരുന്നൂറിലേറെ, പഠനം

ലോങ്ങ് കോവിഡ് (ദീര്‍ഘകാല കോവിഡ്) ബാധിതരില്‍ ഇരുന്നൂറിലേറെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് തെളിയിക്കുന്ന പുതിയ പഠനഫലം പുറത്ത്. ശരീരത്തിലെ പത്ത് അവയവങ്ങളുമായി ബന്ധപ്പെട്ട് 203 ലക്ഷണങ്ങളാണു ദീര്‍ഘകാല കോവിഡ് ബാധിതരില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് ക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

പഠനത്തിന് വേണ്ടി 56 രാജ്യങ്ങളില്‍ നിന്നുള്ള 3762 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ കണ്ടെത്തിയ 203 ലക്ഷണങ്ങളില്‍ 66 ലക്ഷണങ്ങള്‍ ഏഴ് മാസം വരെ നിരീക്ഷിക്കുകയും ചെയ്തു. ക്ഷീണം, തളര്‍ച്ച, ശാരീരികമോ മാനസികമോ ആയ പ്രയത്നത്തിന് ശേഷം രോഗലക്ഷണം വഷളാവുക, മന്ദത തുടങ്ങിയവയാണ് ഏറ്റവും വ്യാപകമായി കണ്ട ലക്ഷണങ്ങള്‍. ദൃശ്യ വിഭ്രാന്തി, വിറയല്‍, ചൊറിച്ചില്‍, ആര്‍ത്തവ ക്രമംതെറ്റല്‍, ലൈംഗിക മരവിപ്പ്, ഹൃദയമിടിപ്പ് കൂടുക, മൂത്രസംബന്ധമായ പ്രശ്നങ്ങള്‍, ത്വക്രോഗം, ഓര്‍മക്കുറവ്, കാഴ്ചമങ്ങല്‍, വയറിളക്കം, കേള്‍വിവൈകല്യം ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളും ദീര്‍ഘകാല കോവിഡ് രോഗികളില്‍ കണ്ടെത്തിയ മറ്റു ലക്ഷണങ്ങള്‍.

ഓണ്‍ലൈന്‍ മുഖാന്തരം നടത്തിയ സര്‍വെയിലൂടെയാണ് രോഗികളില്‍ കണ്ടുവരുന്ന ലക്ഷണങ്ങളും അവയുടെ ദൈര്‍ഘ്യവും വിലയിരുത്തിയത്. ദീര്‍ഘകാല കോവിഡ് കൂടുതല്‍ വിപുലമായി വിലയിരുത്താന്‍ ക്ലിനിക്കല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചോദിച്ചറിയുകയാണ് ഗവേഷകരിപ്പോള്‍.

ഹൃദയത്തെയും രക്തദമനികളെയും സംബന്ധിച്ചുള്ള പരിശോധനകള്‍ക്കും ശ്വസന പ്രവര്‍ത്തന പരിശോധനകള്‍ക്കും പുറമേ ന്യൂറോ സൈക്കാട്രിക്ക് പ്രശ്നങ്ങളും നാഡീവ്യൂഹവുമായി ബന്ധപ്പെട്ടും ഉത്സാഹക്കുറവ് സംബന്ധിച്ചും പരിശോധനകള്‍ വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പല അവയവങ്ങളെ ബാധിക്കുന്ന വ്യത്യസ്ത ലക്ഷണങ്ങള്‍ കാണുന്നതുകൊണ്ടുതന്നെ കൃത്യമായ കാരണം കണ്ടെത്തിയാല്‍ മാത്രമേ രോഗികള്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനാകൂ.