എറണാകുളം-പാല- എഴുമറ്റൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന ബസിൽ കയറിയ യാത്രക്കാർ ഞെട്ടി. ഡ്രൈവര്‍ സീറ്റിലിരിക്കുന്നത് പോലീസുകാരന്‍! സംഭവം കിടുക്കി. പോലീസ് വേഷത്തിലെ ബസ് ഡ്രൈവറുടെ പടം സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്! സ്വകാര്യ ബസിലെ ഡ്രൈവര്‍ സീറ്റില്‍ പോലീസിനെന്താ കാര്യമെന്നറിയണ്ടേ… ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് പ്രത്യേക പരിശോധന നടത്തുന്നതിനിടെ എറണാകുളം-പാല-എഴുമറ്റൂര്‍ റൂട്ടിലോടുന്ന അല്‍ഫോണ്‍സ ബസെത്തി. ബസിൽ പരിശോധന നടത്തിയ പോലീസുദ്യോഗസ്ഥര്‍ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ യാത്രക്കാരുടെ സുരക്ഷക്ക് വിലയില്ലാതെ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പക്ഷേ ഇനിയും കിലോ മീറ്ററുകള്‍ സഞ്ചരിക്കേണ്ട യാത്രക്കാര്‍ പെരുവഴിയിലാകുന്ന അവസ്ഥ വന്നപ്പോഴാണ് പരിശോധന സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്‍ മനു.കെ.തോമസ് ഡ്രൈവര്‍ സീറ്റിലെത്തിയത്. ചെത്തിമറ്റം മുതല്‍ പാലാ കൊട്ടാരമറ്റം സ്റ്റാന്റുവരേയും പിന്നെ പോലീസ് വളയം പിടിച്ചു. യാത്രക്കാരെ ഇറക്കിയ ശേഷം പിന്നെ ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക്…