Home അറിവ് ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്, പണം നഷ്ടപ്പെടും; എസ്ബിഐയുടെ മുന്നറിയിപ്പ്

ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്, പണം നഷ്ടപ്പെടും; എസ്ബിഐയുടെ മുന്നറിയിപ്പ്

ടിപി നമ്പര്‍, ഉപയോഗിക്കുന്ന ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍, സിവിവി നമ്പര്‍ ഇവയൊന്നും നല്‍കാതെ തന്നെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുത്തുന്ന ആപ്ലിക്കേഷനുകളെ സൂക്ഷിക്കണമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പ്. നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ വരുന്ന സന്ദേശങ്ങളും നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ അടങ്ങിയ അക്കൗണ്ടിന്റെ വിശദാംശങ്ങളും അകലെ ഇരുന്ന് നിരീക്ഷിക്കാനാവുന്ന സംവിധാനങ്ങള്‍ ഉണ്ട്.

സുരക്ഷിതവും ലളിതവും സുഗമമവുമായ പണം കൈമാറ്റത്തിന് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ വ്യാജനാണെങ്കില്‍ പണി കിട്ടുമെന്നാണ് എസ്ബിഐ മുന്നറിയിപ്പ്. കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പതിന്‍മടങ്ങ് വര്‍ധിച്ചതും മനുഷ്യന്റെ പണാവശ്യം കൂടിയതും ചൂഷണം ചെയ്യുകയാണ് ഒര്‍ജിനലിനെ പോലും വെല്ലുന്ന ഇത്തരം ആപ്പുകള്‍. സീസണ്‍ അനുസരിച്ചാണ് തട്ടിപ്പുകാര്‍ അവരുടെ തന്ത്രം മാറ്റുന്നത്.

ഒടിപി, എടിഎം പിന്‍നമ്പര്‍, കാര്‍ഡിന്റെ പിന്നിലുള്ള സിവിവി എന്നിവ നല്‍കാതിരുന്നാല്‍ തട്ടിപ്പില്‍ പെടില്ല എന്ന വിശ്വാസത്തെ തന്നെ തകര്‍ക്കുന്നതാണ് ബാങ്കിന്റെ പുതിയ വെളിപ്പെടുത്തല്‍. മുമ്പ് ഇത്തരം വിശദവിവരങ്ങള്‍ ഒരിക്കലും മറ്റാര്‍ക്കും കൈമാറരുതെന്നായിരുന്നു ബാങ്കുകളുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത് നല്‍കിയില്ലെങ്കിലും നമ്മുടെ ഫോണിലെ ആപ്പുകള്‍ വ്യാജനാണെങ്കില്‍ പണം പോകാനുളള സാധ്യത ഏറെയാണെന്ന് എസ്ബിഐ ട്വീറ്റില്‍ പറയുന്നു. കാരണം നിങ്ങളുടെ ഫോണിലെ സന്ദേശങ്ങളും മറ്റ് അക്കൗണ്ട് സംബന്ധിച്ച് കാര്യങ്ങളും അകലെ ഇരുന്ന ഇത്തരം ആപ്പുകള്‍ വഴി മനസിലാക്കാമത്രെ.

അതുകൊണ്ട് ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുമ്പോള്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തുക. മറ്റൊരാളുടെ നിര്‍ദേശമനുസരിച്ച് മാത്രം സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ സ്ഥാപനങ്ങളുടെ യഥാര്‍ഥ ആപ്ലിക്കേഷനുകളാണ് ഫോണില്‍ ഉള്ളതെന്ന് അക്കൗണ്ടുടമകള്‍ ഉറപ്പ് വരുത്തണം. കോവിഡ് ചികിത്സാ സഹായ സന്ദേശങ്ങള്‍ വഴിയും പുതിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നും ഇതിനെതിരെയും ജാഗ്രത പാലിക്കണമെന്നും ബാങ്ക് അക്കൗണ്ടുടമകളെ അറിയിക്കുന്നു. മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.