Home വാണിജ്യം മേരി സഹേലി; തീവണ്ടിയാത്രയില്‍ സ്ത്രീകളുടെ സുരക്ഷയുറപ്പാക്കാന്‍ പുതിയ സംരംഭം

മേരി സഹേലി; തീവണ്ടിയാത്രയില്‍ സ്ത്രീകളുടെ സുരക്ഷയുറപ്പാക്കാന്‍ പുതിയ സംരംഭം

രാജ്യത്തെ ട്രെയിന്‍ യാത്രക്കാരായ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി റെയില്‍വേയുടെ പുതിയ സംരംഭം. മേരീ സഹേലി (എന്റെ കൂട്ടുകാരി) എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിലൂടെ ആര്‍പിഎഫിന്റെ പെണ്‍സംഘങ്ങള്‍ യാത്രയുടെ തുടക്കം മുതല്‍ ഒടുക്കംവ വരെ ഇനി സ്ത്രീകള്‍ക്ക് കൂട്ടായുണ്ടാകും.

യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍ നിന്നു തന്നെ റെയില്‍വേ പൊലീസിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തീവണ്ടികളില്‍ കയറും. അവസാന സ്റ്റേഷന്‍ വരെ ഇവര്‍ ഒപ്പമുണ്ടാകും.

വനിതാ യാത്രക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയാണ് മേരീ സഹേലിയുടെ ആദ്യപടി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുമായി നിര്‍ബന്ധമായും സംസാരിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി വന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തലത്തില്‍ നടപടി സ്വീകരിക്കും.

ദക്ഷിണ റെയില്‍വേ ‘മേരി സഹേലി’യുടെ 17 സംഘങ്ങള്‍ രൂപവത്കരിച്ചു. ആര്‍പിഎഫ് സംഘം വനിതായാത്രക്കാരുടെ സീറ്റ് നമ്പരുകള്‍ ശേഖരിച്ച്, വഴിമധ്യേയുള്ള സ്റ്റോപ്പുകളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുള്ളവര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കോച്ചുകളും ബെര്‍ത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ വനിതായാത്രക്കാരെ സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.