Home കൗതുകം ബസില്‍ മാസ്‌കിന് പകരം പാമ്പ്: വ്യത്യസ്തമായ മുഖാവരണം കണ്ട് ഞെട്ടി സഹയാത്രക്കാര്‍

ബസില്‍ മാസ്‌കിന് പകരം പാമ്പ്: വ്യത്യസ്തമായ മുഖാവരണം കണ്ട് ഞെട്ടി സഹയാത്രക്കാര്‍

കോവിഡിനെ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകരും അതത് രാജ്യത്തെ ഭരണകൂടവും നിഷ്‌കര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മാസ്‌ക്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഇതോടെ വ്യത്യസ്ത ഫാഷനുകളിലുളള മാസ്‌കുകള്‍ ഇറക്കി മാര്‍ക്കറ്റ് പിടിക്കാനും കമ്പനികള്‍ തമ്മില്‍ മത്സരമാണ്. എന്നാല്‍ ഒരു കമ്പനിയും ഇതുവരെ ഇറക്കിയിട്ടില്ലാത്ത ഒരു വ്യത്യസ്ത മാസ്‌കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

മുഖാവരണം നിര്‍ബന്ധിതമായതിനാല്‍ ബസിലെ യാത്രക്കാരന്‍ ചെയ്ത വിചിത്രമായ പ്രവൃത്തിയാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. പാമ്പിനെ മാസ്‌ക്കായി ഉപയോഗിച്ചിരിക്കുകയാണ് യാത്രക്കാരന്‍. ബ്രിട്ടണിലെ മാഞ്ചസ്റ്ററില്‍ നിന്ന് സ്വിന്റണിലേക്കുളള യാത്രയ്ക്കിടെ പാമ്പിനെ ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്ന യാത്രക്കാരന്റെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കഴുത്തിലും മൂക്കും വായും ഉള്‍പ്പെടെയുളള ഭാഗങ്ങളിലും ചുറ്റിയ നിലയിലാണ് പാമ്പ്. പാമ്പിന്റെ തല ഭാഗം യാത്രക്കാരന്റെ കയ്യിലാണ്. പാമ്പിന്റെ രൂപത്തിലുളള കളിപ്പാട്ടമായിരിക്കുമെന്നാണ് ആദ്യം മറ്റു യാത്രക്കാര്‍ കരുതിയത്. എന്നാല്‍ ഇത് അനങ്ങാന്‍ തുടങ്ങിയതോടെയാണ് യഥാര്‍ത്ഥ പാമ്പാണ് എന്ന് തിരിച്ചറിഞ്ഞത്.

പൊതു സ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണ്. ജനങ്ങള്‍ക്ക് ഉചിതമായത് മുഖാവരണമായി ഉപയോഗിക്കാം. തൂവാലയോ മറ്റും ഉപയോഗിക്കുന്നതിന് തടസമില്ല. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശം ഈ രീതിയില്‍ വ്യാഖാനിച്ച് പാമ്പിനെ മുഖാവരണമാക്കിയത് അധികൃതരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.