Home വാഹനം ആനവണ്ടിയിൽ ഒന്നും മറന്നു വെയ്ക്കല്ലേ… നഷ്ടപ്പെട്ട പാദസരം തിരികെ കിട്ടാന്‍ 4000 രൂപ.കെ.എസ്.ആര്‍.ടി.സിക്ക് നോക്കുകൂലി നിയമപരമാണ്!

ആനവണ്ടിയിൽ ഒന്നും മറന്നു വെയ്ക്കല്ലേ… നഷ്ടപ്പെട്ട പാദസരം തിരികെ കിട്ടാന്‍ 4000 രൂപ.കെ.എസ്.ആര്‍.ടി.സിക്ക് നോക്കുകൂലി നിയമപരമാണ്!

കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയപ്പോള്‍ നോക്കുകൂലിയായി കെഎസ്ആര്‍ടിസി. ഈടാക്കിയത് 4000 രൂപ. സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയ വിദ്യാര്‍ത്ഥിനിയുടെ പാദസരം തിരികെ നല്‍കിയതിനാണ് നോക്കുകൂലിയായി കെഎസ്ആര്‍ടിസി പണം ഈടാക്കിയത്. പാദസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശിയായ പെണ്‍കുട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബസിനുള്ളില്‍ നിന്നും നഷ്ടപ്പെട്ട പാദസരം ലഭിച്ച സഹയാത്രക്കാരി ഇത് കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇവര്‍ സ്വര്‍ണാഭരണം ഡിപ്പോയില്‍ ഏല്‍പ്പിച്ച വിവരം ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവെച്ചു. യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മ്യൂസിയം പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. പൊലീസ് അറിയിപ്പ് പ്രകാരം പെണ്‍കുട്ടി ഡിപ്പോയിലെത്തി പാദസരം ഏറ്റുവാങ്ങി. ഒരു ദിവസമാണ് പാദസരം ഡിപ്പോയില്‍ സൂക്ഷിച്ചത്. എന്നാല്‍ പാദസരം തിരികെ വാങ്ങാനെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ 4000 രൂപ ഈടാക്കുകയായിരുന്നു. നോക്കുകൂലിയായി വാങ്ങിയ പണത്തിന് പുറമെ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും രണ്ടുപേരുടെ ആള്‍ജാമ്യവും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. കൈവശം പണമില്ലാതിരുന്ന പെണ്‍കുട്ടി സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയാണ് പണമടച്ചത്. അതേസമയം ബസില്‍ നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ കണ്ടക്ടറാണ് ഏറ്റെടുക്കുക പതിവ്. നഷ്ടപ്പെട്ട വസ്തു ഉടമയ്ക്ക് തിരികെ നല്‍കുമ്പോള്‍ നോക്കുകൂലിയായി നഷ്ടമായ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം പണം ഈടാക്കണം എന്നതാണ് കെ എസ് ആര്‍ ടി സിയുടെ നിയമം. ഇത്തരത്തില്‍ പരമാവധി 10,000 രൂപ വരെ ഉടമയില്‍ നിന്ന് ഈടാക്കാം. വസ്തുവിന്റെ വിപണിമൂല്യം കണക്കാക്കിയാണ് പണം ഈടാക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി പ്രാബല്യത്തിലുള്ള നിയമമാണിതെന്നും ഒന്നരപ്പവന്റെ പാദസരം ആയതിനാലാണ് 4000 രൂപ ഈടാക്കിയതെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം.