Home Uncategorized സിറിയ ചതിച്ചു. കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റി.

സിറിയ ചതിച്ചു. കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റി.

പേരിലെ സിറിയ കൊണ്ട് പണി കിട്ടിയപ്പോള്‍ പേരു തന്നെ മാറ്റേണ്ടി വന്നു കാത്തലിക് സിറിയന്‍ ബാങ്കിന്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം അത്ര നിസാരമാക്കിക്കളയാനുള്ളതല്ല. ഒരു പേരിലെന്താണില്ലാത്തതെന്നാണ് ചിന്തിക്കേണ്ടത്. കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേരില്‍ സിറിയന്‍ കണ്ടതോടെ സിറിയയില്‍ നിന്നുള്ള ഏതോ ബാങ്കാണെന്നും ഭീകരവാദവുമായി ബന്ധമുണ്ടെന്നും വിദേശത്തു നിന്നും പ്രചരിച്ച വാര്‍ത്തയാണ് ബാങ്കിന് തലവേദനയായത്. ഒടുവില്‍ കാത്തലിക് സിറിയന്‍ ബാങ്കെന്ന പേര് തന്നെ മാറ്റേണ്ടി വന്നു. പിന്നെ സി.എസ്.ബി എന്ന പേര് സ്വീകരിച്ചു. പേരിലെ സിറിയ കൊണ്ടുണ്ടായ പൊല്ലാപ്പ് ചില്ലറയല്ല. വിദേശത്തെ ഇന്ത്യക്കാരാണ് പേരിലെ സിറിയ കൊണ്ട് ഏറെയും വലഞ്ഞത്. വിദേശ ഇന്ത്യക്കാര്‍ക്ക് ബാങ്കില്‍ നിക്ഷേപം നടത്തുന്നതിനും മറ്റും പേരിലെ സിറിയ കാരണം തടസ്സമുണ്ടായി. ഇതേ പ്രശ്‌നം കൊണ്ട് മറ്റു രാജ്യങ്ങളില്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതിനും വിമുഖത കാണിച്ചിരുന്നുവത്രേ! സിറിയയില്‍ നിന്നുള്ള പണമിടപാടുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് പല രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ പേര് മാറ്റത്തിനായി ബാങ്ക് അധികൃതര്‍ ആര്‍.ബി.ഐയെ 4 വർഷം മുമ്പ് തന്നെ സമീപിച്ചിരുന്നു. നിലവിലെ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിച്ചതോടെ പേര് മാറാന്‍ ആര്‍.ബി.ഐയും സമ്മതം മൂളി. തുടര്‍ന്നാണ് കാത്തലിക് സിറിയന്‍ ബാങ്ക് സി.എസ്.ബി എന്ന ചുരുക്ക നാമത്തിലേക്ക് മാറിയത്.