Home വാണിജ്യം രാജ്യത്തെ ഏറ്റവും സുരക്ഷിത ആംബുലന്‍സ് പുറത്തിറക്കി ഐഷര്‍

രാജ്യത്തെ ഏറ്റവും സുരക്ഷിത ആംബുലന്‍സ് പുറത്തിറക്കി ഐഷര്‍

രാജ്യത്തെ ഏറ്റവും സുരക്ഷിത ആംബുലന്‍സുമായി ഐഷര്‍ മോട്ടോഴ്‌സ്. ഐഷര്‍ സ്‌കൈലൈന്‍ ആംബുലന്‍സ് എന്ന് പേരില്‍ പുറത്തിറക്കുന്ന വാഹനം ദേശീയ ആംബുലന്‍സ് കോഡ് 125 പാര്‍ട്ട് 1 പ്രകാരമാണ് നിര്‍മിച്ചിരിക്കുന്നത്. യൂറോപ്യന്‍ ക്രാഷ് ടെസ്റ്റ് നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന ക്യാബിന്‍, മുന്നിലേയും പിന്നിലേയും റോള്‍ ഓവര്‍ കേജുകള്‍, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക് തുടങ്ങിയ സൗകര്യങ്ങളോടുകൂടി രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ആംബുലന്‍സാണ് സ്‌കൈലൈന്‍ എന്നാണ് ഐഷര്‍ പറയുന്നത്.

ജീവന്‍ രക്ഷിക്കാനായി അതിവേഗത്തില്‍ പായുമ്പോള്‍ യാത്രക്കാരുടേയും ഡ്രൈവറുടേയും സുരക്ഷയും മികച്ച കംഫര്‍ട്ടും വാഹനം നല്‍കും. മികച്ച ഇന്ധനക്ഷമതയും ഡ്രൈവിങ് സുഖവും നല്‍കുന്നതിന് പവര്‍, ഇക്കോ, ഇക്കോ പ്ലസ് എന്നീ മൂന്നു ഡ്രൈവ് മോഡുകളുണ്ട്. ഹൈവേ ഡ്രൈവ് ആയാസകരവും ഇന്ധനക്ഷമതയുള്ളതുമാക്കാന്‍ ക്രൂസ് കണ്‍ട്രോള്‍, സിറ്റി ഡ്രൈവ് സ്മൂത്താക്കാന്‍ ഈസി ഡ്രൈവ്, കോവിഡ് സേഫ്റ്റി ഫീച്ചര്‍, ഡേറ്റൈം റണ്ണിങ് ലാംപുകള്‍, പ്രത്യേക ഓക്‌സിജന്‍ സിലിണ്ടര്‍ കംപാര്‍ട്ടുമെന്റ്, കുറഞ്ഞ ടേണിങ് റേഡിയസ് എന്നിവ സ്‌കൈലൈന്‍ ആംബുലന്‍സിന്റെ പ്രത്യേകതയാണ്.

അത്യാസന്ന നിലയില്‍ അല്ലാത്ത രോഗികളെ വഹിക്കാനുള്ള പെഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സ്, അതീവ ഗുരുതരമല്ലാത്ത എന്നാല്‍ അടിസ്ഥാന ലൈഫ് സപ്പോര്‍ട്ടുകള്‍ വേണ്ട രോഗികളെ വഹിക്കാനുള്ള ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ്, അതീവ ഗുരുതരമായ രോഗികളെ കൊണ്ടുപോകാനുള്ള അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത കോണ്‍ഫിഗറേഷനുകളില്‍ ഐഷര്‍ ആംബുലന്‍സുകള്‍ പുറത്തിറക്കുന്നുണ്ട്.

എന്‍ജിനും ഗിയര്‍ബോക്‌സിനും മൂന്നു വര്‍ഷ വാറന്റിയും വാഹനത്തിന് 1 വര്‍ഷ വാറന്റിയും നല്‍കുന്നുണ്ട്. 1999 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 100 ബിഎച്ച്പി കരുത്തും 285 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍.