Home നാട്ടുവാർത്ത പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയെന്ന വ്യാജ സന്ദേശം ആശങ്കയിലാക്കുന്നു…

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയെന്ന വ്യാജ സന്ദേശം ആശങ്കയിലാക്കുന്നു…

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന്​ 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബർ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ്​ ചില വാട്​സ്​ ആപ്പ്​ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്​. കേന്ദ്രമന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി​ പറഞ്ഞതായാണ്​ സന്ദേശത്തിൽ പറയുന്നത്​. എന്നാൽ, മന്ത്രിയോ സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച്​ ഒന്നു​ം പറഞ്ഞിട്ടില്ല.
പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാൽ, ഇത്​ എത്രയാണെന്നോ, എപ്പോൾ നടപ്പിലാക്കുമെന്നോ ഇതുവ​െ​ര വ്യക്​തമാക്കിയിട്ടില്ല. ‘ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്​’ പ്രധാനമന്ത്രി പറഞ്ഞത്​.

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത്​ പുതുക്കുന്നത്​ സംബന്ധിച്ച്​ പഠിക്കാൻ സാമൂഹ്യപ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്​ഥാനമാക്കിയാണ്​ തീരുമാനമെടുക്കുക.
മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ്​ വിവാഹപ്രായം ഉയര്‍ത്തുന്നതി​െൻറ ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്​. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.