Home ആരോഗ്യം കൊറോണയുടെ യുഎസ് വകഭേദം അതീവ അപകടകാരി; ബ്രിട്ടന്‍ വൈറസിനേക്കാള്‍ 50 ശതമാനം അധിക വ്യാപനശേഷി

കൊറോണയുടെ യുഎസ് വകഭേദം അതീവ അപകടകാരി; ബ്രിട്ടന്‍ വൈറസിനേക്കാള്‍ 50 ശതമാനം അധിക വ്യാപനശേഷി

വ്യാപന ശേഷി കൂടിയ കോവിഡ് 19ന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. ഇത് അമേരിക്കയില്‍ പടരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനില്‍ കണ്ടെത്തിയ അതിതീവ്ര വൈറസിന് പുറമേ 50 ശതമാനം അധിക വ്യാപന ശേഷിയുള്ള മറ്റൊരു വേരിയന്റിനെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

വസന്തകാലത്തും വേനല്‍കാലത്തും കണ്ടിരുന്നതിന്റെ രണ്ടിരട്ടി വൈറസ് ബാധയാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും നിയുക്ത സംഘം പറഞ്ഞു. ഇത് വൈറസിന്റെ ‘യുഎസ്എ വേരിയന്റ്’ രൂപപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ് അനുമാനിക്കുന്നത്. ബ്രിട്ടനില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് വകഭേദം പോലെയാണ് അമേരിക്കയിലെ ഈ പുതിയ വേരിയന്റ് പെരുമാറുന്നതെന്ന് മുന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്‌കോട്ട് ഗോട്ലീബ് പറഞ്ഞു.

ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം അമേരിക്കയില്‍ 52 പേര്‍ക്ക് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വകഭേദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

വാക്‌സിന്‍ ജനങ്ങളിലേക്കെത്തേണ്ട സമയമാണ് ഇതെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ് മാസ്‌ക്കും സാമൂഹിക അകലവും കൃത്യമായി പാലിച്ചില്ലെങ്കില്‍ മഹാമാരി കൂടുതല്‍ മോശമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ ഇതുവരെ 21,857,293 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 368,736 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.