Home വാണിജ്യം സുരക്ഷയിലൂന്നി പുതിയ ഫീച്ചറുകളുമായി സമൂഹ മാധ്യമങ്ങള്‍

സുരക്ഷയിലൂന്നി പുതിയ ഫീച്ചറുകളുമായി സമൂഹ മാധ്യമങ്ങള്‍

യൂറ്റൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങി സാമൂഹ മാധ്യമങ്ങള്‍ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പുതിയ സുരക്ഷ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഗൂഗിൾ സേർച്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയും സുരക്ഷ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഫീച്ചറുകൾ പ്രകാരം കുട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടാം. പരസ്യങ്ങളിൽ അനുചിതമായ ഉള്ളടക്കം കുട്ടികൾ കാണുന്നത് ഒഴിവാക്കും. കുട്ടികളുടെ അക്കൗണ്ടുകളിൽനിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ സൂക്ഷിക്കില്ല. നിലവിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായിരുന്നു ഇവ.

യുട്യൂബില്‍ 18ൽ താഴെയുള്ളവർക്കു പോസ്റ്റ് ചെയ്യാൻ കഴിയില്ല, ഓട്ടോ പ്ലേ ഓപ്ഷൻ ഓഫാക്കും, ഉറങ്ങാൻ സമയമാകുമ്പോൾ സ്വയം ഓർമിപ്പിക്കും തുടങ്ങി ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനും അനുചിതമായ പരസ്യങ്ങൾ കാണുന്നത് ഒഴിവാക്കാനുമുള്ള സൗകര്യങ്ങളാണു വന്നിട്ടുള്ളത്. ഇൻസ്റ്റഗ്രാമില്‍ ലിമിറ്റ്സ് ഒപ്ഷന്‍ ഉപയോഗിച്ചാൽ പോസ്റ്റിനു താഴെ ഫോളോ ചെയ്യുന്നവർക്കു മാത്രമേ കമന്റ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ. മോശം പ്രയോഗങ്ങൾ കണ്ടെത്തി മുന്നറിയിപ്പു നൽകുകയും പോസ്റ്റിൽനിന്ന് അദൃശ്യമാക്കുകയും ചെയ്യുന്നതിന് ഹിഡൻ വേഡ്സ് ഫീച്ചറും ഉണ്ട്.

ഗുരുതര പ്രശ്നങ്ങളിലേക്കു വഴിവച്ചേക്കാവുന്ന ഹാഷ്ടാഗുകൾ, ഇമോജികൾ തുടങ്ങിയവ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന സംവിധാനവും അനാവശ്യ റിക്വസ്റ്റുകൾ ഒഴിവാക്കുന്ന സംവിധാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്.

വാട്സാപില്‍ 217 പുതിയ ഇമോജികളിൽ താടിയുള്ളവരെയും വ്യത്യസ്ത ഹെയർ സ്റ്റൈലുകൾ ഉള്ളവരെയും ഉൾപ്പെടുത്തി. ഇമേജ് എഡിറ്ററിലൂടെ വാട്സാപ് വെബ് വേർഷനിൽ ലഭ്യമല്ലാതിരുന്ന ഇമേജ് എഡിറ്റിങ് ഉൾപ്പെടുത്തി. ഫിൽറ്ററുകൾ ഉപയോഗിക്കാനും പടങ്ങൾക്കൊപ്പം ഇമോജികളും സ്റ്റിക്കറുകളും കൂട്ടിച്ചേർക്കാനും കഴിയും.