മനുഷ്യ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ഇതിന്റെ കുറവ് ശരീരത്തില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണങ്ങളില്‍ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തില്‍ നിന്നും ശരീരത്തില്‍ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വൈറ്റമിന്‍ ഡി.
അസ്ഥികളുടെ നിര്‍മ്മാണ പ്രക്രിയയുടെ പ്രധാന സ്രോതസ്സായ കാല്‍സ്യത്തെ ശരീരത്തിനുള്ളില്‍ ആഗിരണം ചെയ്‌തെടുക്കുന്നതിനായി ശരിയായ അളവില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ഈ വൈറ്റമിന് മാനസികാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.
വൈറ്റമിന്‍ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തില്‍ വിഷാദവും നിരാശയും ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള ഒന്നാണ് വൈറ്റമിന്‍ ഡി ഡെഫിഷ്യന്‍സി. അത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ സാരമായി ബാധിക്കാം.
മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിന് പിന്നിലുള്ള ചില കാരണങ്ങളിലൊന്ന് പോഷകങ്ങളുടെ കുറവാണ്. ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ കുറവുണ്ടെങ്കില്‍ അത് മുടി കൊഴിച്ചിലിന് കാരണമായി മാറും. കൂണ്‍, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ ഡി വൈറ്റമിന്‍ ലഭിക്കും. ശരീരത്തില്‍ ഇതിന്റെ അളവ് ഉയര്‍ത്തുന്നതിനായി സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.