Home ആരോഗ്യം തുള്ളിമരുന്ന് പോലെ മൂക്കിലൂടെ നല്‍കും; നേസല്‍ വാക്‌സിനെക്കുറിച്ച് അറിയാം

തുള്ളിമരുന്ന് പോലെ മൂക്കിലൂടെ നല്‍കും; നേസല്‍ വാക്‌സിനെക്കുറിച്ച് അറിയാം

കോവിഡ് വൈറസ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിച്ച് ഉലച്ചിരിക്കുകയാണ്. വാക്‌സിനേഷന്‍ നടപടികള്‍ എങ്ങിമെത്താതിരുന്നത് കൊണ്ട് അനേകം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഇതി കോവിഡിന്റെ മൂന്നാം തരംഗത്തിന് മുന്‍പ് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് അധികൃതര്‍.

ഇതിന്റെ ഭാഗമായി വാക്‌സിന്‍ നിര്‍മ്മാണം അതിവേഗം നടത്താനും ചുരുങ്ങിയ സമയത്തിനുള്ളില്‍ വിതരണം ചെയ്യാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ രാജ്യത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേസല്‍ സ്‌പ്രേയുടെ (മൂക്കില്‍ ഇറ്റിക്കുന്ന വാക്‌സിന്‍) ഗവേഷണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന്റെ പരീക്ഷണം വിജയിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും.

തുള്ളിമരുന്ന് കൊടുക്കുന്ന രീതിയില്‍ മൂക്കിലൂടെ നല്‍കുന്ന വാക്‌സിനാണ് നേസല്‍ വാക്‌സിന്‍. മൂക്കില്‍ നിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് മരുന്ന് എത്തും. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമില്ലാതെ ഈ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയും. കുത്തിവെപ്പിന്റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് നേസല്‍ വാക്‌സിന്റെ പ്രധാന ഗുണം. വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെ ആയതിനാല്‍ ഇവിടെതന്നെ പ്രതിരോധ ശേഷി സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് നേസല്‍ വാക്‌സിന്‍. പ്രവേശന കവാടത്തില്‍തന്നെ തടയുന്നതിനാല്‍ വൈറസ് ശ്വാസകോശത്തില്‍ പ്രവേശിക്കില്ല.

ഭാരത് ബയോടെകിന്റെ നേസല്‍ വാക്‌സിന്‍ (ബി.ബി.വി154) ഇപ്പോല്‍ ഒന്നാംഘട്ട പരീക്ഷണത്തിലാണ്. കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഇവര്‍ ഈ വര്‍ഷം അവസാനത്തോടെ 10കോടി കോവിഡ് നേസല്‍ വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷമാണ് മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്‍ ശാസ്ത്രജ്ഞര്‍ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു.