Home വാണിജ്യം ഇനി സ്വകാര്യ ബാങ്കുകള്‍ വഴി സര്‍ക്കാര്‍ പണമിടപാടുകള്‍ നടത്താം; നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

ഇനി സ്വകാര്യ ബാങ്കുകള്‍ വഴി സര്‍ക്കാര്‍ പണമിടപാടുകള്‍ നടത്താം; നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

ര്‍ക്കാരിന്റെ പണമിടപാടുകള്‍ സ്വകാര്യ ബാങ്കുകള്‍ വഴി നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ പൊതു മേഖലാ ബാങ്കുകള്‍ വഴിയും തെരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകള്‍ വഴിയും മാത്രമാണ് സര്‍ക്കാര്‍ പണമിടപാടുകള്‍ നടത്തി വന്നിരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് നയം മാറ്റം പ്രഖ്യാപിച്ചത്.

ഇതോടെ ലക്ഷണക്കക്കിന് കോടിയുടെ ഇടപാടുകള്‍ നടത്താനുള്ള അവസരം സ്വകാര്യ ബാങ്കുകള്‍ക്ക് ലഭിക്കും. നികുതി, റനവ്യൂ പണമിടപാടുകള്‍, പെന്‍ഷന്‍, സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ ഇടപാടുകളില്‍ ഇനി സ്വകാര്യ ബാങ്കുകള്‍ക്കു പങ്കാളിയാവാം.

സ്വകാര്യ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള വിലക്കു നീക്കി 2012ല്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തെങ്കിലും അന്നു സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇതു പൂര്‍ണമായും നീക്കുന്നതായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

സര്‍ക്കാര്‍ തീരുമാനത്തെ സ്വകാര്യ ബാങ്കുകള്‍ സ്വാഗതം ചെയ്തപ്പോള്‍ ബാങ്കിങ് രംഗത്തെ യൂണിയനുകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളെ അപ്രസക്തമാക്കുന്നതാണ് തീരുമാനമെന്ന് യൂണിയനുകള്‍ പറഞ്ഞു.