Home അറിവ് അനാരോഗ്യം, കടുത്ത ദാരിദ്ര്യം, 37.5 കോടി കുട്ടികളില്‍ കോവിഡിന്റെ അനന്തരഫലം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; രാജ്യത്തെ കാത്തിരിക്കുന്നത്...

അനാരോഗ്യം, കടുത്ത ദാരിദ്ര്യം, 37.5 കോടി കുട്ടികളില്‍ കോവിഡിന്റെ അനന്തരഫലം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; രാജ്യത്തെ കാത്തിരിക്കുന്നത് ‘പാന്‍ഡമിക് തലമുറ’

കോവിഡ് 19 വൈറസ് വ്യാപനം ഇന്ത്യയില്‍ ഒരു പാന്‍ഡമിക് തലമുറയെയാണ് സൃഷ്ടിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. വരും തലമുറയിലെ കുട്ടികളില്‍ ഭാരക്കുറവ്, ശിശുമരണനിരക്ക്, വിദ്യാഭ്യാസം, തൊഴില്‍ ഉല്‍പാദനക്ഷമത തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണപ്പെടുമെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ 14 വയസിന് താഴെയുള്ള 375 ദശലക്ഷം കുട്ടികളില്‍ മഹാമാരിയുടെ അനന്തരഫലം ഉണ്ടാകുമെന്നാണ് കരുതുന്നത്.

2021ലെ പരിസ്ഥിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കോവിഡ് മൂലം ആഗോളതലത്തില്‍ 500 ദശലക്ഷത്തിലധികം കുട്ടികള്‍ക്കാണ് സ്‌കൂള്‍പഠനം ഉപേക്ഷിക്കേണ്ടി വന്നത്. ഇതില്‍ പകുതിയിലധികവും ഇന്ത്യയിലുള്ള കുട്ടികളാണെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ) കണ്ടെത്തല്‍. കോവിഡ് രാജ്യത്തെ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി. മഹാമാരി മൂലം 115 ദശലക്ഷം അധിക ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടേക്കാമെന്നും അവരില്‍ ഭൂരിഭാഗവും ദക്ഷിണേഷ്യയിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനാരോഗ്യം, പോഷകാഹാരക്കുറവ്, കടുത്ത ദാരിദ്ര്യം, വിദ്യാഭ്യാസ നേട്ടങ്ങളില്‍ ദുര്‍ബലമായ തകര്‍ച്ച എന്നിങ്ങനെ മഹാമാരി എന്തൊക്കെയാണ് അവശേഷിപ്പിക്കുന്നത് എന്ന് കണ്ടെത്താനുള്ള സമയമായിരിക്കുന്നെന്നാണ് സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്റെ അഭിപ്രായം. രാജ്യത്തെ വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം സമ്മര്‍ദ്ദത്തിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മലിനീകരണം വര്‍ദ്ധിക്കുകയാണെന്നും ഇത് നമ്മുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നുമാണ് എല്ലാ പ്രവണതകളും കാണിക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് പോലും നദികളിലെ മലിനീകരണം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരവും കുടിക്കുന്ന വെള്ളവും മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുസ്ഥിര വികസനത്തിന്റെ കാര്യത്തില്‍ 192 രാജ്യങ്ങളില്‍ 117-ാം സ്ഥാനത്തുള്ള ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാന്‍ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പിന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളം, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ബീഹാര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഉത്തര്‍പ്രദേശ് എന്നിവയാണ് ഏറ്റവും പിന്നില്‍.