Home ആരോഗ്യം വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയില്ല; പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തല്‍

വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയില്ല; പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തല്‍

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കഴിയാത്തതാണ് ചില കോവിഡ് വാക്‌സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികളെന്ന് കണ്ടെത്തല്‍. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങള്‍ക്കെതിരെയാണ് ചില വാക്‌സിനുകള്‍ ഫലപ്രദമാകാത്തത്. ഫൈസര്‍, മോഡേണ്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന ആന്റീബോഡികള്‍ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ആദ്യം പിടിമുറിക്കിയ കോവിഡ് വകഭേദത്തിനെതിരെ അത്ര ഫലപ്രദമല്ലെന്ന് സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.

ആന്റിബോഡിയെ വൈറസുമായി ബന്ധിപ്പിച്ച് ഇവ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുമ്പോഴാണ് അണുബാധയെ പ്രതിരോധിക്കാന്‍ സാധിക്കുക. ആന്റിബോഡിയുടെയും വൈറസിന്റെയും ആകൃതികള്‍ താഴും താക്കോലും പോലെ പരസ്പരം തികച്ചും പൊരുത്തപ്പെടുമ്പോള്‍ മാത്രമേ ഈ ബൈന്‍ഡിംഗ് നടക്കൂ. എന്നാല്‍, ആന്റിബോഡി ബന്ധിപ്പിക്കുന്നിടത്തെ വൈറസിന്റെ ആകൃതി മാറുകയാണെങ്കില്‍ ആന്റിബോഡിക്ക് വൈറസിനെ തിരിച്ചറിയാനും നിര്‍വീര്യമാക്കാനും കഴിയില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥ കൊറോണ വൈറസിനെതിരെയും ഇതിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെയും വാക്‌സിന്‍ എത്രമാത്രം ഫലപ്രദമായെന്ന് താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഇതില്‍ ദക്ഷിണാഫ്രിക്കയില്‍ പിടിമുറുക്കിയ ആദ്യ മൂന്ന് പുതിയ വകഭേദങ്ങള്‍ വാക്‌സിനെ 20-40 മടങ്ങ് കൂടുതല്‍ പ്രതിരോധിക്കുന്നതായി കണ്ടെത്തി. ബ്രസീലിലും ജപ്പാനിലും ആദ്യം വ്യാപിച്ച രണ്ട് വകഭേദങ്ങളും ചൈനയിലെ വുഹാനില്‍ നിന്നുള്ള യഥാര്‍ത്ഥ SARS-CoV-2 വൈറസ് വംശവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനെതിരെ അഞ്ച് മുതല്‍ ഏഴ് ഇരട്ടി വരെ പ്രതിരോധശേഷിയുള്ളവയായിരുന്നു.

അതേസമയം ആന്റിബോഡികളെ നിര്‍വീര്യമാക്കാന്‍ ചില വൈറസ് വകഭേദങ്ങള്‍ക്ക് കഴിവുണ്ടെന്ന കണ്ടെത്തല്‍ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആന്റിബോഡികള്‍ കൂടാതെ ശരീരത്തിന് രോഗപ്രതിരോധ സംരക്ഷണത്തിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നും തങ്ങളുടെ കണ്ടെത്തലുകള്‍ വാക്‌സിനുകള്‍ കോവിഡിനെ തടയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.