Home അറിവ് ഇത് ഹൃദയാരോഗ്യം സംബന്ധിച്ച ഏറ്റവും പ്രധാപ്പെട്ട കാര്യം; അരിത്മിയ എന്താണെന്ന് അറിയാം

ഇത് ഹൃദയാരോഗ്യം സംബന്ധിച്ച ഏറ്റവും പ്രധാപ്പെട്ട കാര്യം; അരിത്മിയ എന്താണെന്ന് അറിയാം

ഹൃദയം നിലച്ച് പോയാല്‍ മനുഷ്യനില്ല. നമ്മുടെ ശരീരത്തില്‍ അത്രമേല്‍ വിലപ്പെട്ട അവയവമാണിത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വളരെ ചെറിയ വ്യതിയാനം പോലും നമ്മെ പ്രതികൂലമായി ബാധിച്ചേക്കാം. മിക്കപ്പോഴും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാമ്മള്‍ അത്ര ശ്രദ്ധ ചെലുത്താറില്ല.

അത്തരത്തില്‍ തന്നെയാണ് ഹൃദയസ്പന്ദനങ്ങളുടെ കാര്യവും, ചുരുക്കം സന്ദര്‍ഭങ്ങളിലൊഴികെ ഹൃദയസ്പന്ദനങ്ങളെ കുറിച്ച് നമ്മള്‍ ശ്രദ്ധിക്കാറേ ഇല്ല. എന്നാല്‍ ഹൃദയസ്പന്ദനങ്ങള്‍ ഹൃദയത്തിന്റെ ആകെ നിലനില്‍പിനെ തന്നെ പ്രതിഫലിച്ച് കാണിക്കുന്ന പ്രക്രിയ കൂടിയാകാറുണ്ട്.

ഹൃദയസ്പന്ദനങ്ങളെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ആദ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ‘അരിത്മിയ’. ഹൃദയസ്പന്ദനങ്ങളില്‍ വ്യതിയാനം വരുന്ന അവസ്ഥയെ ആണ് ‘അരിത്മിയ’ എന്ന് വിളിക്കുന്നത്. ചിലപ്പോള്‍ ധ്രുതഗതിയില്‍ ഹൃദയം മിടിക്കുന്ന അവസ്ഥയാകാം അത്, അതല്ലെങ്കില്‍ വളരെ പതിയെ ആകുന്ന അവസ്ഥയാകാം. എങ്ങനെ ആണെങ്കിലും അസാധാരണമായി ഹൃദയം മിടിക്കുന്ന അവസ്ഥയാണ് ‘അരിത്മിയ’.

ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളുടെ ഒരു സൂചനയായി ഇത് കാണപ്പെടാം. അതല്ലെങ്കില്‍ മറ്റ് ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ‘അരിത്മിയ’ സംഭവിക്കാം. അത്തരത്തിലുള്ള ചില സാഹചര്യങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, പരിഭ്രാന്തിപ്പെടുന്ന അവസ്ഥ എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനം സംഭവിക്കാം.

നിര്‍ജലീകരണം സംഭവിക്കുമ്പോഴും ഹൃദയസ്പന്ദനം അസാധാരണമാകാം.

ആവശ്യമായ അളവില്‍ പൊട്ടാസ്യം ലഭിക്കാതെ വരുമ്പോള്‍ ഇത് നേരിടാം.

രക്തത്തില്‍ ഷുഗര്‍ നില താഴുമ്പോഴും ‘അരിത്മിയ’ ഉണ്ടാകാം.

അമിതമായ അളവില്‍ കഫീന്‍, ചോക്ലേറ്റ്, ആല്‍ക്കഹോള്‍ എന്നിവ കഴിക്കുമ്പോള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനം വരാം.

വിട്ടുമാറാത്ത പനിയുണ്ടാകുമ്പോഴും ഇങ്ങനെ സംഭവിക്കാം.

പൊതുവേ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനം സംഭവിക്കുന്നതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് മാനസിക സമ്മര്‍ദ്ദങ്ങളും (സ്ട്രെസ്) ഉത്കണ്ഠയും (ആംഗ്സൈറ്റി) ആണ്. ഇതിനെ നേരിടാന്‍ യോഗ, വ്യായാമം, സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന മറ്റ് വിനോദ പരിപാടികള്‍ എന്നിവയെല്ലാം പരീക്ഷിക്കാം. ‘ബ്രീത്തിംഗ് എക്സര്‍സൈസ്’കളും ഈ പ്രശ്നം പരിഹരിക്കാന്‍ നല്ലതാണ്.

എന്നാല്‍ മറ്റ് ചില സന്ദര്‍ഭങ്ങളില്‍, നേരത്തേ സൂചിപ്പിച്ചത് പോലെ ഹൃദയത്തെ അപകടപ്പെടുത്തിയേക്കാവുന്നതിന്റെ ലക്ഷണമായും ‘അരിത്മിയ’ കണ്ടേക്കാം. ഹൃദയസ്പന്ദനങ്ങളില്‍ വ്യതിയാനം കാണുന്നതിനൊപ്പം തന്നെ നെഞ്ചുവേദന കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതല്ലെങ്കില്‍ മിക്കപ്പോഴും സ്പന്ദനങ്ങളില്‍ വ്യതിയാനം കാണുന്നുണ്ടെങ്കില്‍ വൈകാതെ തന്നെ പരിശോധിക്കുന്നതാണ് ഉത്തമം. ഒരുപക്ഷേ പക്ഷാഘാതത്തിലേക്കോ, ഹൃദയസ്തംഭനത്തിലേക്കോ നീങ്ങുന്ന രോഗിയെ രക്ഷപ്പെടുത്താന്‍ സമയബന്ധിതമായി ഈ പ്രശ്നം കണ്ടെത്തുന്നതിലൂടെ സാധ്യമായേക്കാം.