Home ആരോഗ്യം ഏതൊക്കെയാണ് വൈറ്റമിന്‍ സപ്ലിമെന്റുകള്‍?; ഇവ ആരോഗ്യത്തിന് നല്ലതോ, മോശമോ..!!

ഏതൊക്കെയാണ് വൈറ്റമിന്‍ സപ്ലിമെന്റുകള്‍?; ഇവ ആരോഗ്യത്തിന് നല്ലതോ, മോശമോ..!!

പ്രായമാകുമ്പോള്‍ എല്ലുകള്‍ക്കും സന്ധികള്‍ക്കുമൊക്കെ ബലക്കുറവുണ്ടാകുകയും ഇതുമൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലും ഈ പ്രശ്നങ്ങള്‍ വര്‍ധിച്ചു വരികയാണ്. കൈമുട്ട്, കാല്‍മുട്ട്, വിരലുകള്‍, കാല്‍പാദം, കഴുത്ത്, നടുവ് എന്നിവയ്ക്കെല്ലാം വേദന, പുറംവേദന, സന്ധിവാതം, ഓസ്റ്റിയോപോറോസിസ്, ഇന്‍ഫ്‌ലമേഷന്‍ തുടങ്ങിയ നിരവധി ആളുകളെ അലട്ടുന്നുണ്ട്.

ഈ കോവിഡ് കാലത്ത് ഈ പ്രശ്നങ്ങള്‍ അധികമായിട്ടുമുണ്ട്. എല്ലുകളുടെയും സന്ധികളുടെയും വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ വൈറ്റമിന്‍ സപ്ലിമെന്റുകളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പ്രധാന പോഷകങ്ങള്‍ എല്ലാം ലഭിക്കേണ്ടതാണ്. എന്നാല്‍ ഭക്ഷണത്തിലൂടെ വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടി വരും.

താഴെപ്പറയുന്നവയാണ് വൈറ്റമിന്‍ സപ്ലിമെന്റുകള്‍

ഫിഷ് ഓയില്‍
എല്ല്, സന്ധി, ഹൃദയം, ചര്‍മപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. ഒമേഗ ഫാറ്റി ആസിഡ് ഇവയില്‍ ധാരാളം ഉണ്ട്. ഇത് സന്ധികളിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുകയും സന്ധിവാതം, മുട്ടുവേദന ഇവ വരാതെ തടയുകയും ചെയ്യും.

കാല്‍സ്യം
പതിവായി എല്ലിനും സന്ധികള്‍ക്കും വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കാല്‍സ്യം സപ്ലിമെന്റ് കഴിക്കണം. ശക്തമായ എല്ലുകളും പല്ലുകളും ലഭിക്കാന്‍ ഇത് സഹായിക്കും. മുട്ടുവേദന, സന്ധികളിലെ വീക്കം ഇവയും അകറ്റും.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി യുടെ അഭാവം എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന ഉണ്ടാക്കും. വൈറ്റമിന്‍ ഡി, കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. ഡി സപ്ലിമെന്റ് കഴിക്കുന്നതിലൂടെ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടും.

ഗ്ലൂക്കോസാമിന്‍
കാല്‍മുട്ടിന്റെ സന്ധികളെ ശക്തിപ്പെടുത്തുകയും കാര്‍ട്ടിലേജിനു കേടുപാടുകള്‍ വരാതെ തടയുകയും ചെയ്യുന്ന ഒന്നാണിത്. സന്ധിവേദന മൂലമുണ്ടാകുന്ന ഇന്‍ഫ്‌ലമേഷനെ കുറയ്ക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മൂലം വിഷമിക്കുന്ന പ്രായമേറിയവര്‍ക്ക് ഒരനുഗ്രഹമാണ് ഗ്ലൂക്കോസാമിന്‍. കാരണം പ്രായമാകുമ്പോള്‍ ഗ്ലൂക്കോസാമിന്റെ അളവ് കുറയുന്നു. ഈ സപ്ലിമെന്റ് എടുത്ത് ഏതാനും മാസങ്ങള്‍ കഴിഞ്ഞേ ഫലം കാണൂ എന്ന് മാത്രം.

കോണ്‍ഡ്രോയ്ടിന്‍
സന്ധി വേദന ഒഴിവാക്കാനും കാര്‍ട്ടിലേജിനെ പുനര്‍ നിര്‍മിക്കാനും സഹായിക്കുന്നു.
സപ്ലിമെന്റുകള്‍ അധികമായാല്‍

വൈദ്യ നിര്‍ദേശം ഇല്ലാതെ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദം, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, തലവേദന, തലകറക്കം, ദഹനപ്രശ്നങ്ങള്‍, ഓക്കാനം, അടിവയറുവേദന, മലബന്ധം, ചര്‍മത്തിന് റിയാക്ഷന്‍, കരളിനും, വൃക്കയ്ക്കും പ്രശ്നങ്ങള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടാന്‍ കാല്‍സ്യം സപ്ലിമെന്റുകള്‍ കാരണമാകും.

ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു മാത്രമേ സപ്ലിമെന്റുകള്‍ കഴിക്കാവൂ. വൈറ്റമിന്‍ ഡെഫിഷ്യന്‍സി വരാതിരിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം. പോഷകങ്ങളടങ്ങിയ സമീകൃതാഹാരം ശീലമാക്കാം. മത്സ്യം, നട്‌സ്, സീഡ്സ്, പച്ചനിറത്തിലുള്ള ഇലക്കറികള്‍, ബ്രക്കോളി ഇവയെല്ലാം കാല്‍സ്യം പ്രദാനം ചെയ്യും. വൈറ്റമിന്‍ ഡി ലഭിക്കാന്‍ ദിവസവും വെയിലു കൊള്ളുകയും വ്യായാമം ശീലമാക്കുകയും ചെയ്യാം. ഇതെല്ലാം പിന്തുടര്‍ന്നാല്‍ എല്ലുകളെയും സന്ധികളെയും ശക്തമാക്കാം.