Home ആരോഗ്യം ഗ്യാസ് കാരണം നിങ്ങളുടെ വയര്‍ വീര്‍ത്ത് വരുന്നുണ്ടോ?; ഭക്ഷണത്തിലൂടെ പരിഹാരമുണ്ട്

ഗ്യാസ് കാരണം നിങ്ങളുടെ വയര്‍ വീര്‍ത്ത് വരുന്നുണ്ടോ?; ഭക്ഷണത്തിലൂടെ പരിഹാരമുണ്ട്

22601094 - woman with her monthly menstrual pains clutching her stomach with her hands as she becomes stressed by the ongoing cramps, torso view of her hands and tummy isolated on white

മിക്കവാറും ആളുകളും നേരിടുന്നൊരു പ്രശ്‌നമാണ് ദഹനപ്രശ്‌നം. ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലുള്‍പ്പെടുന്ന ഇത് വലിയ അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. ഗ്യാസ്ട്രബിള്‍ ആണ് അധികപേരിലും കാണാറുള്ള ദഹനപ്രശ്നം.

ദഹിക്കാതെ ആമാശയത്തിലും കുടലിലുമായി കിടക്കുന്ന ഭക്ഷണങ്ങള്‍ വിഘടിക്കുമ്പോള്‍ ഗ്യാസ് രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇത് വയര്‍ വീര്‍ത്തുകെട്ടാനും, വേദനയും അസ്വസ്ഥതയും അനുഭവപ്പെടാനുമെല്ലാം കാരണമാകുന്നു.

ചില ഭക്ഷണങ്ങളും ഗ്യാസ്ട്രബിളിന് ഇടയാക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ഗ്യാസ് ഇല്ലാതാക്കാനും സഹായിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.

കട്ടത്തൈര് ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന ആദ്യ ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ‘ലാക്ടോബാസിലസ്’, ‘ആസിഡോഫിലസ്’ തുടങ്ങിയ ബാക്ടീരിയകള്‍ ദഹനം സുഗമമാക്കുന്നു. അതുമൂലം ഗ്യാസ്ട്രബിളിനും പരിഹാരം കാണുന്നു. ഭക്ഷണത്തിന് ശേഷം ചെറിയൊരു ബൗളില്‍ തൈര് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ഹെര്‍ബല്‍ ടീ, അഥവാ ഹെര്‍ബുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചായകളും ഗ്യാസ് മൂലം വയറുവീര്‍ക്കുന്നത് തടയും. ഇഞ്ചിച്ചായ, പുതിനച്ചായ തുടങ്ങിയ ചായകളെല്ലാം തന്നെ ഇതനുദാഹരണമാണ്.

പെരുഞ്ചീരകവും ഗ്യാസിനെ ശമിപ്പിക്കാന്‍ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒരിനം ‘ഓയില്‍’ ആണ് ദഹനത്തെ ത്വരിതപ്പെടുത്തുന്നത്. ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കടിച്ചുചവച്ച് കഴിക്കുകയാണ് ചെയ്യേണ്ടത്.

നേന്ത്രപ്പഴവും ഗ്യാസ് മൂലം വയറുവീര്‍ക്കുന്ന പ്രശ്നത്തെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിനായി സഹായിക്കുന്നത്. അവക്കാഡോ, കിവി, ഓറഞ്ച്, പിസ്ത എന്നിവയെല്ലാം പൊട്ടാസ്യമടങ്ങിയ മറ്റ് ഭക്ഷണങ്ങളാണ്.

വൈറ്റമിന്‍-സിയുടെ കലവറയായ കക്കിരിയും ദഹനപ്രശ്നങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് പച്ചയ്ക്ക് കഴിക്കുകയോ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുകയോ ആണ് ചെയ്യേണ്ടത്.