Home വാണിജ്യം ശബ്ദം ഉപയോഗിച്ച് പണം കൈമാറാം; ആര്‍ബിഐയുടെ പുതിയ സാങ്കേതികവിദ്യ, വിശദവിവരങ്ങള്‍ അറിയാം

ശബ്ദം ഉപയോഗിച്ച് പണം കൈമാറാം; ആര്‍ബിഐയുടെ പുതിയ സാങ്കേതികവിദ്യ, വിശദവിവരങ്ങള്‍ അറിയാം

ബ്ദം ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്താമെന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നിയേക്കാം. എന്നാല്‍ ഇത് യാഥാര്‍ഥ്യമാകുകയാണ്. ശബ്ദത്തെ അടിസ്ഥാനമാക്കി സാമ്പത്തിക ഇടപാട് നടത്താന്‍ സാധിക്കുന്ന സേവനവുമായി മുന്നോട്ടുപോകാന്‍ ടെക് കമ്പനിയായ ടോണ്‍ടാഗിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

ബിഹാര്‍, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ഗ്രാമീണ, നഗര വ്യത്യാസമില്ലാതെ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ആയിരം രൂപ വരെയുള്ള ഇടപാടുകളാണ് ശബ്ദത്തിന്റെ അടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയത്. ഫീച്ചര്‍ ഫോണുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഓഫ്ലൈനായി ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ വിജയകരമായി നടത്തിയതായി കമ്പനി അറിയിച്ചു.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും സുഗമമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യയെന്നും കമ്പനി അറിയിച്ചു. സാങ്കേതികവിദ്യ ഇതിനോടകം തന്നെ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്്. ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭിച്ചു. ഇതോടെ സര്‍വീസ് പ്രോവൈഡര്‍മാര്‍ക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കുന്ന സാഹചര്യം വന്നിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

ഡിജിറ്റല്‍ അറിവ് കുറഞ്ഞവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനം ചെയ്യും. ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

രാജ്യത്തെ 60 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യ പരിജ്ഞാനം കുറഞ്ഞവര്‍ക്കും സേവനം ലഭ്യമാക്കാനും ഉദ്ദേശിക്കുന്നതായി ബംഗ്ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചു.