Home അറിവ് കുട്ടികളുടെ വാക്‌സിന്‍ അടുത്ത മാസം എത്തും; അഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവയ്പ്പ്

കുട്ടികളുടെ വാക്‌സിന്‍ അടുത്ത മാസം എത്തും; അഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവയ്പ്പ്

കോവിഡ് ഡെല്‍റ്റ വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അമേരിക്ക ഒരുങ്ങുന്നു. അടുത്ത മാസം അവസാനത്തോടെ അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു വാക്സിന്‍ ലഭ്യമാക്കാനാണ് ശ്രമമെന്ന്, ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ അമേരിക്കയില്‍ പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്സിന്‍ നല്‍കുന്നുണ്ട്. ഡെല്‍റ്റ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അഞ്ചു വയസ്സു മുതല്‍ പതിനൊന്നു വയസ്സു വരെയുള്ള കുട്ടികള്‍ക്കു കൂടി വാക്സിന്‍ നല്‍കാനാണ് നീക്കം. കുട്ടികള്‍ക്കുള്ള ഫൈസര്‍ വാക്സിന്‍ അടുത്ത മാസം 31ഓടെ തയാറാവുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്‍ കമ്മിഷണര്‍ ഡോ. സ്‌കോട്ട് ഗോട്ടലീബ് പറഞ്ഞു. കുട്ടികള്‍ക്കു വ്ാക്സിന്‍ നല്‍കുന്നതിന്റെ പരീക്ഷണ വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് അവസാന ഘട്ടത്തിലാണെന്നും ഡോ. സ്‌കോട്ടിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെല്‍റ്റ വ്യാപനം രൂക്ഷമായതോടെ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്നവര്‍ വാക്സിന്റെ പ്രതിരോധ വലയ്ക്ക് അകത്താവുകയും കുട്ടികള്‍ക്കു സംരക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കണമെന്ന് വിവിധ കോണുകളില്‍നിന്നു ആവശ്യം ഉയര്‍ന്നിരുന്നു. ഫൈസര്‍, മോഡേണ വാക്സിനുകളാണ് കുട്ടികള്‍ക്കു നല്‍കുന്നതിനുള്ള പരീക്ഷണത്തില്‍ അവസാന ഘട്ടത്തിലുള്ളത്.

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവിഡ് പലപ്പോഴും ലക്ഷണം പ്രകടിപ്പിക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പലരിലും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുന്നത്. കുട്ടികളില്‍ കോവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. എങ്കിലുംഅതിന്റെ പേരില്‍ വാക്സീന്‍ സംരക്ഷണം വൈകിപ്പിക്കരുതെന്നാണ് അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.