Home നാട്ടുവാർത്ത പ്രളയം എന്തു കൊണ്ട് തുടർകഥയാകുന്നു.

പ്രളയം എന്തു കൊണ്ട് തുടർകഥയാകുന്നു.

മൂന്നാംകൊല്ലവും ഏതാണ്ട് ഒരേ മാസത്തിൽ മഴക്കെടുതി / ഉരുൾപൊട്ടൽ മരണങ്ങൾ തുടർകഥയാകുന്നു. ഉരുള്‍പൊട്ടലുണ്ടാവുകയും അതില്‍ നിന്നും ഉത്ഭവിക്കുന്ന മലവെള്ളം ഒലിച്ചിറങ്ങി വലിയ പ്രളയം സൃഷ്ടിക്കുന്നതിനും നാം സാക്ഷിയാവുന്നു. മുൻപില്ലാത്ത വിധം മഴ കേരളത്തെ പ്രേതഭൂമിയാക്കാൻ കാരണമെന്താണ്? കാരണങ്ങൾ പലതാണ്. അവയില്‍ ഏറ്റവും വലിയ അപകടമായി തോന്നുന്നത് മനുഷ്യന്റെ കൈകടത്തലുകള്‍ തന്നെയാണ്. പ്രകൃതിയെ സംബന്ധിച്ചിടത്തോളം അതിന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ ശുദ്ധീകരണം അത് നടത്തിക്കൊണ്ടേയിരിക്കും. കാലാവസ്ഥാ മാറ്റമെന്നും മറ്റും നാം പേരിട്ടു വിളിക്കുന്നത് അതിനെയാണ്. പഠനങ്ങള്‍ വിലയിരുത്തിയാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നു തന്നെയാണ് കേരളം. തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ തന്നെയാണ്. പശ്ചിമഘട്ട മലനിരകളും കൊങ്കണ്‍ മലകളും സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളാണ് ഇവയെല്ലാമെന്നതാണ് അതിനു കാരണം.

ഓരോ സ്ഥലങ്ങളുടെയും ഭൂപ്രകൃതി ഇന്നുകാണുന്ന സ്ഥിതിയില്‍ ആയതിന് വ്യക്തമായ കാരണവും ആവശ്യകതയും ഉണ്ട്. കുന്നിന്‍ പ്രദേശങ്ങളും മലകളും മേലോട്ട് എത്ര ഉയരത്തില്‍ കാണപ്പെടുന്നോ തത്തുല്യമായ അളവില്‍ കീഴോട്ടും ഭൂമിക്കുള്ളില്‍ അത് വളര്‍ന്നു നില്‍ക്കുന്നു. ഭൂമിയെ കുന്നുകള്‍ കൊണ്ടും മലകള്‍ കൊണ്ടും പ്രകൃതി ഉറപ്പിച്ച് നിര്‍ത്തിയതുകൊണ്ടാണ് അതിന്റെ നിലനില്‍പ്പ് സാധ്യമാകുന്നത്. മലകളുടെ ഭാരം കുറഞ്ഞാല്‍ ഭൂമിയില്‍ പാളികളായി കിടക്കുന്ന ഭാഗങ്ങള്‍ തെന്നി മാറാനും ഇതരപാളികളുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ട്. ഭൂമിശാസ്ത്രപരമായ കണക്കുകള്‍ മാറിമറിയാനും തുടങ്ങും. ഭൂമിയുടെ ഗുരുത്വാകര്‍ഷണം എല്ലാ വസ്തുക്കളെയും ആകര്‍ഷിക്കുകയും താഴോട്ട് വലിക്കുകയും ചെയ്യുമ്പോള്‍ എവിടെ നമ്മള്‍ തിരുത്തലുകള്‍ നടത്തുന്നോ അവിടം ആദ്യം അപകടാവസ്ഥയിലാവുന്നു എന്നും മനസിലാക്കണം.

ഭൂമിയുടെ ആന്തരിക വ്യവസ്ഥയെ താറുമാറാക്കും വിധം മനുഷ്യന്‍ അവന്റെ ആവാസ വ്യവസ്ഥ നിര്‍മിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഭൂമി പ്രതികരിക്കുകയും നാം അതില്‍ അകപ്പെടുകയും ചെയ്യുന്നു എന്നതാണ് വസ്തുത.

രണ്ടു കടലുകള്‍ അടുത്തടുത്ത് ഉള്ളത് കൊണ്ട് തന്നെ ചുഴലിക്കാറ്റ് കേരളത്തെ പലപ്പോഴും കടന്നാക്രമിക്കാറില്ല. എങ്കിലും അത് മഴയായി രൂപാന്തരം പ്രാപിച്ചു ദിവസങ്ങളോളം പെയ്തിറങ്ങാന്‍ തുടങ്ങിയാല്‍ ഭൂമിയുടെ ജല പാളിയില്‍ (Water betl) വെള്ളം ക്രമാതീതമായി നിറയുകയും സമ്മര്‍ദ്ദം വര്‍ധിച്ച് പുറത്തേക്കൊഴുകാന്‍ ശ്രമം നടത്തുകയും ചെയ്യും. ഭൂമിയുടെ ഉപരിതലം വനഭൂയിഷ്ടമല്ലെങ്കില്‍ പെട്ടെന്ന് മലയിടിച്ചില്‍ ഉണ്ടായി നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്.

കേരളത്തിന് സ്വന്തമായി ധാരാളം പുഴകള്‍ ഉണ്ടാവാന്‍ പ്രധാന കാരണം കുന്നിന്‍ പ്രദേശങ്ങളുടെയും മലകളുടെയും സാന്നിധ്യമാണ്. ഇതര സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന സമ്മര്‍ദ്ദവും ഭീഷണിയുമാണ് നമ്മുടെ മലനിരകള്‍ നേരിടുന്നത്. മലനിരകള്‍ 100% സംരക്ഷിക്കപ്പെടണം എന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഊന്നിപ്പറയുന്നത് അതിനാലാണ്. ഈ റിപ്പോർട്ടുകൾ പ്രളയകാലത്ത് മാത്രമാണ് ചർച്ചയാകാറുള്ളത് എന്നത് ദൗർഭാഗ്യകരമായ വസ്തുതയാണ്. മലകള്‍ എന്നും സര്‍ക്കാര്‍ സ്വത്തായി നിലനില്‍ക്കുമ്പോള്‍ മനുഷ്യന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ കുറയും എന്നൊരു സാധ്യത കൂടിയുണ്ട്.

ഉരുള്‍ പൊട്ടല്‍ സാധ്യതാ പഠനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എടുത്തു പറയാവുന്ന സ്ഥലങ്ങളാണ് വയനാട്, ഇടുക്കി, കൊല്ലം എന്നീ പ്രധാന ഭാഗങ്ങള്‍. തൊട്ടടുത്ത് കിടക്കുന്ന ജില്ലകള്‍ ഇവയുടെ പിന്തുടര്‍ച്ച എന്ന രീതിയിലാണ് അപകടത്തില്‍ പെടുന്നതും നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നതും. പാറകള്‍ നിറഞ്ഞ ഭാഗങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ല. പാറകള്‍ ഇല്ലാതാവുകയോ ബലം കുറയുകയോ ചെയ്താല്‍ അത് കിലോമീറ്ററുകളോളം ദൂരത്തില്‍ ഭീതി വിതയ്ക്കുകയും അപകടം വരുത്തി വെക്കുകയും ചെയ്യും. അതുപോലെ എടുത്തു പറയേണ്ട കാര്യമാണ് നാശനഷ്ടങ്ങളുടെ കാര്യം. ജീവനും സ്വത്തിനും ഏറ്റവും അപകട ഭീഷണിയുള്ള ഭാഗങ്ങളാണ് ഇടുക്കി, തൃശൂര്‍ മേഖലകള്‍.

ആവര്‍ത്തിക്കപ്പെടുന്ന ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയെ പ്രതിരോധിക്കണമെങ്കില്‍ പ്രശ്‌നങ്ങളെ തമസ്‌കരിക്കാതെ അടിയന്തര പ്രതിവിധി കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഭൂമിയുടെ റീസര്‍വേ നടത്തി സംരക്ഷിത പ്രദേശം തിരിക്കുക, അപകട സാധ്യതയുള്ള ഭൂപ്രദേശങ്ങളെ തരം തിരിക്കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖകള്‍ ഉണ്ടാക്കുക, സൗരോര്‍ജ സ്രോതസ്സുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ഹരിതോര്‍ജത്തിലേക്ക് മാറുകയും ചെയ്യുക, ഗ്രീന്‍ ടെക്‌നോളജി പ്രോത്സാഹിപ്പിക്കുക, പ്രകൃതിക്ക് കോട്ടമേല്‍പ്പിക്കാതെ അതിനെ ഉപകാരപ്പെടുത്തുന്ന ജീവിത രീതികളും കച്ചവടങ്ങളും പ്രോത്സാഹിപ്പിക്കുക, പ്രകൃതിക്ക് ഇണങ്ങും വിധം മാലിന്യ സംസ്‌കരണം നടപ്പിലാക്കുക, ഗ്രീന്‍ ടൂറിസം, ഹരിത തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുക, കാലാവസ്ഥാ വ്യതിയാനത്തെ പ്രധിരോധിക്കും വിധം വന്‍വൃക്ഷങ്ങള്‍ സംരക്ഷിക്കുക, ജല സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി മുളങ്കാടുകള്‍ നട്ടു വളര്‍ത്തുക എന്നിങ്ങനെ നമുക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നമ്മള്‍ ഓരോ ദിവസവും തള്ളി നീക്കുമ്പോള്‍ ഓര്‍ക്കുക, നമ്മള്‍ ഒന്നും നേടുന്നില്ല…. മറിച്ച് എല്ലാം നഷ്ടപ്പെടുത്തുകയാണ്.

കേരളം വീണ്ടും വീണ്ടും മഴക്കെടുതികളും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും നേരിടാനുള്ള കാരണങ്ങളിലൊന്ന് പ്രകൃതിയെ കൂടി സംരക്ഷിക്കുന്ന രീതിയിലുള്ള കൃഷിരീതികള്‍ തീരെ ഇല്ലാതായി എന്നതുമാണ്. വെള്ളം തടഞ്ഞു നിര്‍ത്തുന്നതുപോലെ മണ്ണൊലിപ്പിനെ തടയുന്ന കൃഷിയും ജീവിതരീതിയും നമ്മള്‍ തിരിച്ചു പിടിച്ചാല്‍ ഒരു പരിധിവരെ പ്രകൃതി സംരക്ഷിക്കപ്പെടും എന്ന് ആശ്വസിക്കാം. റബ്ബര്‍, തേയില എന്നിവയൊന്നും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ തക്കവണ്ണം ഭൂമിയിലേക്ക് വേരിറങ്ങി പോവുന്ന കൃഷി രീതികളല്ല. അതിനു നമ്മള്‍ പരമ്പരാഗത കൃഷി തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കണം. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും നല്ല വിപണിയാണ് ഇന്നത്തെ ലോകം. അതുകൊണ്ട് പരമ്പരാഗത കൃഷിയില്‍ നിന്നും ധാരാളം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും കര്‍ഷകന് നല്ല വിപണി നേടിയെടുക്കാനും ഇന്ന് സാധ്യതകള്‍ കൂടുതലാണ്. അതോടൊപ്പം നമുക്ക് പ്രകൃതിയെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോവാനും കഴിയും.