Home ആരോഗ്യം എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഈ മൂന്ന് വിറ്റാമിനുകള്‍ ശരീരത്തില്‍ ഉണ്ടോ എന്ന് ഉറപ്പാക്കുക

എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഈ മൂന്ന് വിറ്റാമിനുകള്‍ ശരീരത്തില്‍ ഉണ്ടോ എന്ന് ഉറപ്പാക്കുക

തുനേരത്തും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടോ? ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം അനുഭവപ്പെടുക, മന്ദത, തളര്‍ച്ച എന്നിവയൊക്കെയാണോ പ്രശ്‌നം? പല കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ വരാം. ഉറക്കമില്ലായ്മ , ഭക്ഷണക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവയൊക്കെ കാരണങ്ങളാണ്. ചില രോഗങ്ങളുടെ ഭാഗമായും അമിത ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. ദിവസേന കഴിക്കുന്ന ആഹാരത്തിലല്‍ വേണ്ടത്ര വിറ്റാമിനുകള്‍ ഇല്ലാതിരുന്നാല്‍ അത്തരത്തില്‍ ക്ഷീണംവും തളര്‍ച്ചയും അനുഭവപ്പെടാം. പ്രധാനമായും മൂന്ന് വിറ്റാമിനുകളുടെ കുറവാണ് ക്ഷീണത്തിന് കാരണം.

ഒന്ന്

വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവര്‍ത്തന നിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നുണ്ട്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 അനിവാര്യമാണ്. ഡിഎന്‍എയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്.

പാലിലും മുട്ടയിലും മത്സ്യത്തിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളില്‍ ചൂര, മത്തി എന്നിവയിയാണ് വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുള്ളത്. പാല്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ കഴിക്കുന്നത് നല്ലതാണ്.

രണ്ട്

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും.

ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. അമിതമായ ക്ഷീണം, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍.

സൂര്യപ്രകാശത്തില്‍ നിന്നു മാത്രമല്ല, ചില ഭക്ഷണങ്ങളിലൂടെയും വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. അതുപോലെ, മുട്ട, സാല്‍മണ്‍ മത്സ്യം, കൂണ്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.

മൂന്ന്

ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. വിറ്റാമിന്‍ സിയുടെ കുറവ് മൂലവും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കിവി, പൈനാപ്പിള്‍, പപ്പായ, സ്‌ട്രോബറി, തണ്ണിമത്തന്‍, മാമ്പഴം, നെല്ലിക്ക, ബ്രക്കോളി, മറ്റ് ഇലക്കറികള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ സി ലഭിക്കും.